11 June, 2021 01:09:04 PM
പാട്ടില്‍ കമ്പമില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കമ്പത്ത് പാടേണ്ടിവരും
കമ്പം: കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ പാട്ട് പാടേണ്ടി വരും. പാട്ടില്‍ കമ്പമുണ്ടെങ്കിലും ഇല്ലെങ്കിലും കമ്പം പോലീസ് പിടികൂടിയാല്‍ പാടുക തന്നെ വേണം. ശകാരവും പിഴയടപ്പിക്കലും എല്ലാം പയറ്റിയിട്ടും കോവിഡ് ചട്ടം ലംഘിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ കമ്പം പോലീസ് കണ്ടെത്തിയ മാർഗമാണ് അവരെക്കൊണ്ട് പാട്ടുപാടിക്കുക എന്നത്. കമ്പം നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ ശിലൈമണിയുടെ ഐഡിയയാണിത്.
ഇക്കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന്‍റെ പുൽത്തകിടിയിൽ ഇതുവരെ കാണാത്ത കാഴ്ചയാണ് അരങ്ങേറിയത്. നിയമലംഘകരെ അകലംപാലിച്ച് ഇരുത്തി. ശേഷം അടുത്തുള്ള അമ്പലത്തിലെ നാദസ്വരക്കച്ചേരിക്കാരെ വിളിച്ച് ഒരു മണിക്കൂറിനടുത്ത് നീണ്ട കച്ചേരി. കോവിഡ് നിയമലംഘകരെ ഇതിനിടയില്‍ താളത്തിനനുസരിച്ച് പാട്ടുപാടിക്കുകയും ചെയ്തു. കോവിഡ് നാളുകളില്‍ പലർക്കും വരുമാനമില്ലാതെയിരിക്കുന്ന സാഹചര്യത്തിൽ കമ്പം പോലീസിന്‍റെ പുതിയ ശിക്ഷാരീതി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.