08 June, 2021 12:04:32 PM


നിര്‍മ്മാണതൊഴിലാളികള്‍ക്ക് കോവിഡ് രണ്ടാംഘട്ടത്തിലും 1000 രുപ ധനസഹായം - മന്ത്രി



തിരുവനന്തപുരം: നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡില്‍ രജിസ്റ്റര്‍ ചെയ്തുിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും കോവിഡ് രണ്ടാംഘട്ടത്തിലും 1000 രുപ ധനസഹായം ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി.  നിർമ്മാണസാമഗ്രികളുടെ ലഭ്യതക്കുറവും, അവയുടെ ക്രമാതീതമായ വിലക്കയറ്റവും, കോവിഡിന്‍റെ പ്രത്യാഘാതം നിർമ്മാണരംഗത്ത് സൃഷ്ടിച്ച സ്തംഭനാവസ്ഥയും കാരണം നിർമ്മാണ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് എം. രാജഗോപാൽ എം.എൽ.എയുടെ ശ്രദ്ധ ക്ഷണിയ്ക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. 


തുടർച്ചയായ ഇന്ധനവില വർദ്ധനയുടെയും മറ്റും ഭാഗമായി അഖിലേന്ത്യാതലത്തിൽ വിവിധ നിർമ്മാണസാമഗ്രികൾക്കു വില വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് അവയ്ക്ക് ലഭ്യതക്കുറവ് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോവിഡിന്റെ  പ്രത്യാഘാതം സമഗ്രമേഖലകളും നേരിടുന്നുണ്ട്. സമഗ്ര മേഖലകളിലെയും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തി വരികയാണ്.


കേരളത്തിൽ നിർമ്മാണ മേഖലയിൽ  ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുത്തു വരുന്നു. നിർമ്മാണ തൊഴിലാളികളുടെയും പെൻഷൻകാരുടെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്‍റെ പ്രധാന ലക്ഷ്യം. രണ്ടാം കോവിഡ് തരംഗത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണ മേഖലയ്ക്ക് ലോക്ഡൗൺ ഇളവുകൾ നൽകിയതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ മുൻ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി നടന്നു വരുന്നു .


ഇങ്ങനെ ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിലൂടെ തദ്ദേശീയരായ തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഈ മേഖലയിൽ ജോലി ലഭിയ്ക്കുകയും ചെയ്തു. ബോർഡിൽ രജിസ്റ്റർ  ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് 2020 ൽ കോവിഡ് 19 ന്‍റെ ഭാഗമായുള്ള പ്രത്യേക ധനസഹായമായി 1000/- രൂപ വീതം വിതരണം നടത്തുകയുണ്ടായി. തുടർന്ന് വന്ന കോവിഡ് 19ന്‍റെ രണ്ടാംഘട്ടത്തിലും എല്ലാ അംഗത്തൊഴിലാളികൾക്കും 1000/- രൂപ വിതരണം ചെയ്യുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസർമാരെ ചുമതലപ്പെടുത്തി ഫണ്ട് അനുവദിച്ച് നൽകുകയും ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K