07 June, 2021 04:12:39 PM
സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം: കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി. കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാൻ പോലീസിന് അനുമതി നൽകിയിരിക്കുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയതിനാണ് സുരേന്ദ്രനെതിരെ കേസെടുക്കുന്നത്.
മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയ കെ. സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്നാണ് പരാതി.
സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും തന്നെന്ന് കെ. സുന്ദര തന്നെ വെളിപ്പെടുത്തിയിരുന്നു. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ പോലീസിൽ പരാതി നൽകിയത്. സുരേന്ദ്രനു പുറമേ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയും കേസെടുക്കാമെന്നും കോടതി നിർദേശിച്ചു.
2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ വിജയം തടഞ്ഞുനിര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ സ്ഥാനാര്‍ഥിയാണു കെ. സുന്ദര. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. സുന്ദര 467 വോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ കേവലം 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിനോടു പരാജയപ്പെട്ടത്.
ഇത്തവണ സുന്ദര ബിഎസ്പി ടിക്കറ്റിൽ ഇറങ്ങിയതോടെ അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ അക്ഷരമാലക്രമം വച്ചുനോക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ സുരേന്ദ്രന്റെ പേരിനു മുകളില്‍ സുന്ദരയുടെ പേര് സ്ഥാനം പിടിക്കുന്ന നിലയായിരുന്നു. ഇതോടെ എന്തുവില കൊടുത്തും സുന്ദരയെ പിന്മാറ്റാന് ബിജെപി നേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തിന് തൊട്ടുമുമ്പ് ഫോണ്‍ ഓഫ് ചെയ്ത് അപ്രത്യക്ഷനായ സുന്ദര മാര്‍ച്ച് 22ന് ബിജെപി നേതാക്കള്‍ക്കൊപ്പം വരണാധികാരിയുടെ ഓഫീസിലെത്തി പത്രിക പിന്‍വലിക്കുകയും ചെയ്തു.