06 June, 2021 05:39:18 PM


അമ്മയുടെ ആശുപത്രി ബില്ലിനുള്ള പണം കണ്ടെത്താന്‍ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ



മുംബൈ: ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വാർധയിലാണ് ബോബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  വാർധയിലെ ബാങ്കിലെത്തിയ യോഗേഷ് കുബാഡെ എന്നയാളാണ് ബോംബ് ഭീഷണി മുഴക്കിയത്.


'പതിനഞ്ച് മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്ന പ്ലക്കാര്‍ഡുമായാണ് ഇയാൾ ബാങ്കിലെത്തിയത്. എന്നാല്‍ ബാങ്കിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചികിത്സയിലായ അമ്മയുടെ ആശുപത്രി ബില്ലുകള്‍ അടയ്ക്കാനാണ് ഇത്തരമൊരു മാര്‍ഗ്ഗം യോഗേഷ് സ്വീകരിച്ചതെന്നാണ്  പൊലീസ് പറയുന്നത്.


ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവ കാട്ടിയായിരുന്നു ഭീഷണി. ഇയാളില്‍ നിന്ന് കത്തിയും  എയര്‍ ഗണ്ണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സേവാഗ്രാം പൊലീസ് സബ് ഇൻസ്പെക്ടർ ഗണേഷ് സയ്ക്കർ  പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K