05 June, 2021 06:53:15 PM
അര്‍ഹരായവര്‍ക്കെല്ലാം പട്ടയം; കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി - മന്ത്രി കെ. രാജന്‍
തൃശൂര്‍: സംസ്ഥാനത്ത് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്നും ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഇടപെടലുണ്ടാകുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദിവാസി മേഖലകളിലടക്കം അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ഒളകരയുള്‍പ്പെടെയുള്ള വനമേഖലകളിലെ ഭൂപ്രശ്നം വേഗത്തില്‍ പരിഹരിക്കും. കൈയ്യേറ്റങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓഫീസ് വളപ്പില്‍ മന്ത്രി വൃക്ഷത്തൈ നട്ടു. മണിയന്‍ കിണര്‍, എച്ചിപ്പാറ, ഒളകര, കാക്കിനിക്കാട് ഊരുകളിലെ 175 കുടുംബങ്ങള്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം, വിവിധ ഊരുകളിലെ 140 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണം, 82 കുടുംബങ്ങള്‍ക്കുള്ള സൗരോര്‍ജ വിളക്കുകളുടെ വിതരണം, വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണുകള്‍ വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.