04 June, 2021 06:51:46 PM


തന്നെ 'തേച്ച്' വിവാഹത്തിനു മുതിര്‍ന്ന കാമുകന്‍റെ വീട്ടിലേക്ക് ബാൻഡ് മേളവുമായി യുവതി



ഗോരഖ്പൂർ: കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ് ബാൻഡ് മേളവുമായി കാമുകന്‍റെ വീട്ടിലെത്തി യുവതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വീടിന് മുന്നിൽ എത്തി ബഹളം വെച്ച യുവതിയെ പിന്നീട് പൊലീസ് എത്തി തിരിച്ച് അയയ്ക്കുകയായിരുന്നു. കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് ബാൻഡ് മേളക്കാരുടെ അകമ്പടിയോടെ യുവതി സൈന്യത്തിൽ ജോലി ചെയ്യുന്ന കാമുകൻ സന്ദീപ് മൗര്യയുടെ വീടിന് മുന്നിലെത്തിയത്.


മണിക്കൂറുകളോളം വീടിനു മുന്നിൽ സമയം ചെലവഴിച്ച ഇവർ ബഹളമുണ്ടാക്കി കൊണ്ടിരുന്നു. താനുമായുള്ള വിവാഹം നടത്തിയില്ല എങ്കിൽ വീടിന് മുന്നിൽ സ്വയം ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. യുവതിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച പൊലീസ് ഇവരെ തിരികെ പറഞ്ഞ് വിടുകയായിരുന്നു.


രണ്ടു വർഷം മുമ്പ് തന്‍റെ അമ്മായിയുടെ വീട്ടിൽ വച്ചാണ് സന്ദീപ് മൗര്യയെ ആദ്യമായി കണ്ടത് എന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും ഇഷ്ടത്തിലായി. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിന് സന്ദീപ് നിർബന്ധിച്ചിരുന്നു എന്നും യുവതി ആരോപിക്കുന്നു. ഇതിനിടെ സന്ദീപിന് സൈന്യത്തിൽ ജോലി ലഭിക്കുകയും പരിശീലനത്തിനായി പോവുകയും ചെയ്തു. ഈ സമയത്തും സന്ദീപ് വീട്ടിൽ എത്തി യുവതിയെ കാണാറുണ്ടായിരുന്നു. എന്നാൽ, സൈന്യത്തിൽ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാൻ സന്ദീപ് വിസമ്മതിച്ചു എന്നാണ് യുവതിയുടെ അരോപണം.


സന്ദീപ് വീട്ടിൽ പലപ്പോഴായി എത്താറുണ്ടെന്നും രക്ഷിതാക്കളോട് വിവാഹ കാര്യം സംസാരിച്ചതിനെ തുടർന്ന് ഇത് ഇവർ അംഗീകരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കളും യുവതിയുടെ സഹോദരിയും ഉറപ്പിച്ച് പറയുന്നു. എന്നാൽ, സൈന്യത്തിൽ ജോലി ഉറപ്പിച്ചതോടെ വിവാഹത്തിൽ നിന്നും സന്ദീപ് പിന്മാറുകയാണ് ഉണ്ടായത് എന്നും ഇവർ കൂട്ടിച്ചേർത്തു.

യുവതിയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സന്ദീപിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കോടതി പരാതി തീർപ്പാക്കാത്ത സാഹചര്യത്തിൽ സന്ദീപിന് മറ്റൊരാളെ വിവാഹം കഴിക്കാനാകില്ലെന്നും സൈന്യത്തിൽ ജോലി പോലും ചെയ്യാനാകില്ലെന്നും കുടുംബം പറയുന്നു. എത്രയും പെട്ടെന്ന് സന്ദീപിനെ അറസ്റ്റ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം.


നിലവിൽ ഇന്ത്യൻ ആർമിയിൽ പ്രവർത്തിക്കുന്ന സന്ദീപിനെതിരെ ജാഗ പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് എന്ന് ഗൊരഖ്പൂർ നോർത്ത് എസ് പി മനോജ് കുമാർ പറഞ്ഞു. സൈന്യത്തിന്‍റെ കോടതിയിൽ സന്ദീപിനെതിരെ പരാതിപ്പെടാൻ കഴിയുമെന്ന് യുവതിയെ അറിയിക്കുകയാണ് ചെയ്തത്. നിയമപ്രകാരമുള്ള ആദ്യത്തെ വിവാഹം ആയതിനാൽ പൊലീസിന് ഇത് തടയാൻ ആകില്ലെന്ന കാര്യവും യുവതിയെ അറിയിച്ചതായി എസ് പി മനോജ് കുമാർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K