04 June, 2021 01:58:34 PM


ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതൽ; ബജറ്റിൽ 20,000 കോടിയുടെ കോവിഡ് പാക്കേജ്



തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ബജറ്റിൽ വകയിരുത്തി.


മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. പകർച്ചവ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.


എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കോവിഡ് വാർഡുകൾ തുടങ്ങും. ആശുപത്രികളിൽ അണുബാധ ഇല്ലാത്ത മുറികൾ. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപ അനുവദിക്കും. വാക്സിൻ, ഔഷധ കമ്പനികളുടെ ഉൽപാദന കേന്ദ്രം തുടങ്ങാൻ സൗകര്യം ഒരുക്കും.


വാക്സിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 1500 കോടി രൂപ. സാമ്പത്തിക പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവൽകരിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പ. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ നൽകും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക്.


കൃഷിഭവനുകൾ സ്മാർട്ടാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി ഉത്പന്ന വിപണനത്തിന് ഇടപെടൽ. കാർഷിക വിപണനത്തിന് ഐ ടി അധിഷ്ഠിത സേവന ശ്യംഖല. ആറു മാസത്തിനുള്ളിൽ തോട്ടവിള സംസ്കരണ ഫാക്ടറി. പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഫാക്ടറി ഉടൻ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.


ബജറ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന പ്രധാന വിഷയങ്ങള്‍ ഒറ്റനോട്ടത്തില്‍


>18 വയസിനു മുകളിൽ എല്ലാവർക്കും സൗജന്യ വാക്സിൻ

>കേരളത്തിൻ്റെ സ്വന്തം വാക്സിനേഷൻ ഗവേഷണം തുടങ്ങും

>8000 കോടി നേരിട്ട് ജനങ്ങളിൽ എത്തിക്കും

>കാർഷിക മേഖലക്ക് 1600 കോടി വായ്പ: 5 ലക്ഷം രൂപ വരെ 4%. പലിശ

>കുടുംബശ്രീക്ക് 1000 കോടി വായ്പ,

>പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4 % നിരക്കിൽ 2000 കോടി വായ്പ

>കടൽഭിത്തി നിർമാണം കി ഫ്ബി 2300കോടി നൽകും

>പാൽ ഉത്പന്നങ്ങളുടെ ഫാക്ടറിക്ക് 10 കോടി

>റബർ സബ്സിഡി കുടിശിഖക്ക് 50 കോടി

>പഴം, പച്ചക്കറി, മാംസ, സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും

>ബാങ്കുകളെ ഉള്‍പ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കും

>പുതിയ ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങും




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K