03 June, 2021 01:26:02 PM


കേരളത്തിന് ഒന്നരകോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി 'അല'



തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിച്ച് കൊണ്ടിരിക്കുന്ന കേരളത്തിന് വിവിധ മേഖലകളില്‍ നിന്നാണ് സഹായം ലഭിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക കൂട്ടായ്മയായ അല (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) കേരളത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് എത്തിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇ വിവരം അറിയിച്ചത്.


ഒന്നാം ഘട്ടമായി, പത്തുലിറ്ററിന്‍റെ 35 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റഴ്സ്, 3500 ഫിംഗര്‍ പള്‍സ് ഓക്‌സിമീറ്റേഴ്‌സ്, 1000 ഓക്‌സി ഫ്‌ലോ മീറ്റേഴ്‌സ്, 75000 KN95 റെസ്പിറേറ്റേഴ്‌സ്, 5500 PPE കിറ്റ്‌സ്, 1000 നേസല്‍ കാനുള, 500 നോണ്‍ ബ്രീതര്‍ മാസ്‌ക്, 100 വെന്റിലേറ്റര്‍ ടൂബിങ്‌സ്, 500 ഇന്‍ലൈന്‍ സക്ഷന്‍ കത്തീറ്റര്‍ എന്നിവ ഇന്നു രാവിലെ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തി. ഈ പിന്തുണയ്ക്ക് ആരോഗ്യവകുപ്പിന്‍റെ നന്ദി അറിയിക്കുന്നുവെന്നും കോവിഡ് മഹാമാരിയെ നമ്മള്‍ ഒന്നിച്ച് നിന്ന് പോരാടി അതിജീവിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി കുറിച്ചു.


മൂന്നു ആഴ്ചത്തെ അലയുടെ പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും വേഗത്തില്‍ ഇത്രയധികം ഉപകരണങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തി കേരളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്ന് അലയുടെ പ്രസിഡന്‍റ് ഷിജി അലക്സും സെക്രട്ടറി കിരണ്‍ ചന്ദ്രനും അറിയിച്ചു. രണ്ടാം ഘട്ട ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അവ കേരളത്തില്‍ എത്തിക്കുമെന്നും അവര്‍ ഉറപ്പ് നൽകി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K