02 June, 2021 08:50:33 PM
'ചക്ക വീണ് മരിച്ചതല്ല, കോവിഡ് വന്ന് മരിച്ചതിനെ കുറിച്ചാണ് പറയുന്നത്' - വി ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നതില്‍ ഐസിഎംആറിന്‍റെ മാർഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും സര്‍ക്കാര്‍ നിശ്ചയിച്ച മാനേജ്‌മെന്‍റ് സമിതിയല്ല, പകരം ചികില്‍സിക്കുന്ന ഡോക്ടര്‍മാരാണ് രോഗികളുടെ മരണകാരണം തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയിൽ.
ഡബ്ല്യുഎച്ച്ഒയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഐസിഎംആര്‍ മാനദണ്ഡവും തയാറാക്കിയിരിക്കുന്നത്. കോവിഡ് മരണ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് മൂലം അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
''സാംക്രമിക രോഗം കൊണ്ടുണ്ടാകുന്ന മരണം നിശ്ചയിക്കേണ്ടത് ചികില്‍സിക്കുന്ന ഡോക്ടറാണ്. രോഗിയെ കാണാത്ത ഒരു മാനേജിങ് കമ്മിറ്റിയല്ല. എത്രയോ രോഗികള്‍ സീരിയസായി ആശുപത്രിയില്‍ കിടന്നു മരിക്കുന്നു. ഇതിനിടയില്‍ നടത്തപ്പെടുന്ന ഏതെങ്കിലും ആന്റിജന്‍ ടെസ്റ്റില്‍ അവര്‍ നെഗറ്റീവായാല്‍ കോവിഡ് മരണത്തിന്‍റെ പട്ടികയില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമാണ്. ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്‍റെ മരണം പോലും കോവിഡ് പട്ടികയില്‍ വന്നിട്ടില്ല. തലയില്‍ ചക്ക വീണിട്ടല്ല, പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. ബ്ലാക്ക് ഫംഗസ് വരുന്നത് കോവിഡ് നെഗറ്റീവായ ശേഷമാണ്. അവര്‍ മരിച്ചാലും കോവിഡ് മരണപ്പട്ടികയില്‍ വരുന്നില്ല. ഈ വിഷയങ്ങളെല്ലാം ഐസിഎംആറിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ മാനേജിങ് കമ്മിറ്റി മരണം നിശ്ചയിക്കുന്നത് ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമായാണ്'' -സതീശന്‍ ചൂണ്ടിക്കാട്ടി.
കാന്‍സര്‍, വൃക്ക, പക്ഷാഘാതം, ഹൃദയരോഗങ്ങള്‍ എന്നിവയുള്ളവര്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. കോവിഡ് വന്നില്ലായിരുന്നുവെങ്കില്‍ അവര്‍ കുറേക്കാലം കൂടി ജീവിച്ചിരിക്കുമായിരുന്നു. കുഴഞ്ഞു വീണ് മരിച്ചവരെയും രക്തം ഛര്‍ദ്ദിച്ചവരെയും തലച്ചോറില്‍ ബ്ലീഡിങ് ഉണ്ടായവരെയും കോവിഡ് പോസിറ്റീവാണെന്ന് കണ്ടിട്ടും പട്ടികയില്‍പെടുത്തുന്നില്ല. ഡെത്ത് കണ്‍ഫര്‍മേഷന്‍ പ്രോട്ടോക്കോള്‍ മാറ്റണം. ചികില്‍സിക്കുന്ന ഡോക്ടര്‍ ഐസിഎംആര്‍ ഗൈഡ്‌ലൈന്‍ അനുസരിച്ച് മരണകാരണം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് ആളുകള്‍ മരിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് സര്‍ക്കാരിനെ അപമാനിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നില്ല. എന്നാല്‍, മരണനിരക്ക് കുറച്ച് കാണിച്ചാല്‍ സര്‍ക്കാരിന്‍റെ ആനുകൂല്യം അര്‍ഹര്‍ക്ക് കിട്ടാതെ പോകും. മാറി മാറി വരുന്ന പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തിലുള്ള ചികില്‍സകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍, മരിച്ചവര്‍ എത്രയെന്ന് കൃത്യമായി രേഖകളിലുണ്ടാകണം. ഓരോ പ്രായത്തിലുമുള്ള എത്രപേര്‍ മരിച്ചുവെന്ന് ആധികാരികമായി അറിയണം. കോവിഡിനെ സംബന്ധിച്ച് കേരളത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു ഗവേഷണം സര്‍ക്കാര്‍ നടത്തണം. അതിനായി ഒരു സംഘത്തെ ചുമതലപ്പെടുത്തണം.
സംസ്‌കാര ചടങ്ങിന്‍റെ പ്രോട്ടോക്കോളിലും മാറ്റം വരണം. എബോള രോഗത്തിന്റെ പ്രോട്ടോക്കാളാണ് ഇപ്പോഴും കോവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് തുടരുന്നത്. തിരുവനന്തപുരത്ത് മാര്‍ച്ച് 18 വരെ 1,23,000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ മലപ്പുറത്ത് 1,41,000 കേസുകളായിരുന്നു. എന്നാല്‍, മലപ്പുറത്ത് മരിച്ചവര്‍ 114ഉം തിരുവനന്തപുരത്ത് 585 പേരുമെന്നാണ് കണക്ക്. മലപ്പുറത്തുണ്ടായ മരണത്തിന്‍റെ അഞ്ചിരട്ടിയാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്നാണ് രേഖ. മരണ നിരക്ക് കണക്കാക്കുന്നതിലെ അപാകതയാണ്.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികള്‍ക്ക് മാത്രമല്ല, വീട്ടിലെ വരുമാന സ്രോതസായ അംഗം മരിച്ചാലും ആനുകൂല്യം നല്‍കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ആനുകൂല്യം വേണം. കേരളത്തില്‍ കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിച്ച് ജനങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.