31 May, 2021 07:45:59 PM
ഇന്ധനവിലവര്‍ദ്ധനവിനെതിരെ പാത്രം കൊട്ടി പ്രതിഷേധിച്ച് ആര്‍എസ്പി (ലെനിനിസ്റ്റ്)
കൊല്ലം/കോട്ടയം: പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനയ്‌ക്കെതിരെ ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പാത്രം കൊട്ടി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പാര്‍ട്ടി ലീഡര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ കുന്നത്തൂരില്‍ നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് കാട്ടിതന്ന മാതൃകയാണ് പാത്രം കൊട്ടിയും ശബ്ദം ഉണ്ടാക്കിയുമുള്ള പ്രതികരണം. അന്ന് അഭിനന്ദനം അറിയിക്കാനാണ് പാത്രം കൊട്ടിയതെങ്കില്‍ ഇന്ന് കേന്ദ്രസര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് പാത്രം കൊട്ടുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
പ്രവര്‍ത്തകര്‍ വീടുകളില്‍ വിളക്കുകള്‍ കൊളുത്തിയശേഷം പാത്രം കൊട്ടിയാണ് ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരത്തിന്‍റെ മധ്യമേഖലാതല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് കുമരകത്ത് നിര്‍വ്വഹിച്ചു. കോവിഡ് മഹാമാരിയുടെ മറവില്‍ കിരാതനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടിയുമായി ആര്‍.എസ്.പി എല്‍) രംഗത്തുണ്ടാകുമെന്ന് ഷാജി ഫിലിപ്പ് പറഞ്ഞു.
പാല നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഡോ.തോമസ് അഗസ്റ്റിനും, കോട്ടയത്ത് ഡേവിഡ് പി ജോണും, ഏറ്റുമാനൂരില്‍ രഞ്ജിത്ത് കെ ഗോപാലനും, പുതുപ്പള്ളിയില്‍ ബിനു മറ്റക്കരയും, ചങ്ങനാശേരിയില്‍ പൊന്നമ്മ ജോസും, കടുത്തുരുത്തിയില്‍ പവിത്രന്‍ ജി കല്ലറയും, കാഞ്ഞിരപ്പള്ളിയില്‍ രവി എന്‍ കരിയത്തുംപാറയും, വൈക്കത്ത് എ സുരേഷും, പൂഞ്ഞാറില്‍ റെജി ചെറുവള്ളിയും പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.