31 May, 2021 11:39:26 AM
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണം; പ്രമേയം പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രഫുൽ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിത രീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധനിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.
ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം പുതുക്കണമെന്ന നിര്‍ദേശവും വന്നുകഴിഞ്ഞു. ഇതിനു വീഴ്ച വന്നാല്‍ രണ്ടുലക്ഷം രൂപ പിഴയൊടുക്കുകയും ഓരോദിവസം ഇരുപതിനായിരം രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിര്‍ദേശവും വന്നുകഴിഞ്ഞു. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുന്‍പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിനു കീഴിലായിരുന്നു. 1956 നവംബര്‍ ഒന്നുവരെ ലക്ഷദ്വീപ് അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗവുമായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവിതക്രമവും സാംസ്‌കാരികരീതിയുമാണ് ലക്ഷദ്വീപിനുള്ളത്.
മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ലക്ഷദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൊച്ചിയിലുമാണ്. ചരക്കുകള്‍ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനില്‍ക്കുന്ന ഈ പാരസ്പര്യബന്ധത്തെ തകര്‍ക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും പ്രമേയം പറയുന്നു. ഒരു ജനതയെ കോര്‍പേറേറ്റ് താല്‍പര്യങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാരാജ്യത്തിന്റെ നിലനില്‍പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കനാകൂ.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. അതിനു വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രതിപക്ഷം ചില ഭേദഗതികള്‍ ഉന്നയിച്ചു. ഇവ സര്‍ക്കാര്‍ അംഗീകരിച്ചു. പ്രമേയം സഭ ഐകകണ്‌ഠ്യേന പാസാക്കി.