26 May, 2021 06:45:36 PM


ടോമിന്‍ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം മേധാവി



തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോർപറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായാണ് ടോമിന്‍ തച്ചങ്കരിയുടെ പുതിയ നിയമനം. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയാണ് നിയമിച്ചത്. ഒരു വർഷമാണ് കാലാവധിയെന്ന് ഉത്തരവിൽ പറയുന്നു. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത് നിയമിക്കുന്നത് ആദ്യമായാണ്.


സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു പുതിയ നിയമനം. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. റോഡ് സേഫ്റ്റി കമ്മീഷണറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലേക്കാണ് ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത്. ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. 


ടോമിൻ ജെ തച്ചങ്കരി നേരത്തെ കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായും കെ എസ്നി ആർ ടി സി ഉൾപ്പെടെ നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ സേവനകാലാവധിയാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്.


ധനകാര്യ വകുപ്പ് സെകട്ടറി സഞ്ജയ് എം കൗൾ കെ എഫ് സി എംഡിയുടെ അധിക ചുമതല വഹിക്കും. ആയുഷ് പദ്ധതിയുടെ ചുമതലയുള്ള ഷർമിള മേരിക്ക് കായിക വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി നൽകി. കെ.റ്റി.ഡി.എഫ്.സി ചെയർമാൻ ബി അശോക് ഊർജ സെക്രട്ടറി ആയി തുടരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K