26 May, 2021 06:14:07 PM
യാസ് അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ടു: ബംഗാളിലും ഒഡീഷയിലും കനത്ത നാശം
കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ ബലാസോറിനു സമീപമാണ് അതിതീവ്ര ചുഴലിക്കാറ്റായി യാസ് കര തൊട്ടത്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ യാസ് കനത്ത നാശമാണ് വിതയ്ക്കുന്നത്. ബലാസോറിലും ബംഗാളിലെ ദിഘെയിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഒഡീഷയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.
അതേസമയം, അടുത്ത 4 മണിക്കൂറിനുള്ളിൽ യാസ് ശക്തി ക്ഷയിച്ച് സാദാ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒരു കോടിയിലേറെ പേരെ ചുഴലിക്കാറ്റ് ബാധിച്ചു എന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. മൂന്ന് ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഉയർന്ന തിരമാലകളാണ് നിരവധി ഇടങ്ങളിൽ ഉണ്ടായത്. 16 ലക്ഷത്തോളം പേരെയാണ് സംസ്ഥാനത്ത് മാറ്റിപ്പാർപ്പിച്ചത്.