26 May, 2021 02:01:27 PM
കോണ്‍ഗ്രസിൽ വീണ്ടും പ്രതിസന്ധി: വി.കെ.ശ്രീകണ്ഠന്‍ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സമ്പൂര്‍ണ്ണ സംഘടനാ ഉടച്ചുവാര്‍ക്കലിന് കോണ്‍ഗ്രസില്‍ സാധ്യത തെളിയുന്നു. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി രാജിവെച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെന്നും മുഴുവന്‍ സമയം എംപിയായി പ്രവര്‍ത്തിക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
എംപിയായ ശേഷം പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടി തന്നോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഇന്ന് രാജിവെച്ച വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞത്. ശ്രീകണ്ഠൻ കൂടി രാജി വെച്ചതോടെ കോണ്‍ഗ്രസിന് വിവിധ ജില്ലകളില്‍ അധ്യക്ഷന്‍മാരില്ലാത്ത സ്ഥിതിയായി.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം എം.ലിജു രാജിവെച്ചിരുന്നു. വി.വി.പ്രകാശിന്റെ നിര്യാണത്തോടെ മലപ്പുറത്തും പാര്‍ട്ടിക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് എംഎഎല്‍എ ടി.ജെ.വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലാണ് ഉള്ളത്. അഞ്ചു ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പ് കാലത്ത് തല്‍സ്ഥാനത്ത് നിന്ന് നിന്ന് നീക്കിയിരുന്നെങ്കിലും പിന്നീട് അവരെ തന്നെ പുനഃപ്രതിഷ്ഠിച്ചു.
ആര്യാടന്‍ ഷൗക്കത്തിനായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് മലപ്പുറത്തിന്റെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവി പ്രകാശിനെ തന്നെ ഡിസിസി പ്രസിഡന്റായി കെപിസിസി നിയമനം നല്‍കിയതോടെ ആര്യാടന്‍ ഷൗക്കത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു വി.വി.പ്രകാശിന്റെ വിയോഗം. വയനാട് അടക്കമുള്ള ഡിസിസികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഇത്തരത്തില്‍ ഭൂരിപക്ഷം ജില്ലകളിലും കോണ്‍ഗ്രസില്‍ പുനഃസംഘടന നടത്താനുള്ള സാധ്യതയാണ് ഉള്ളത്.
ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ആദ്യപടിയായി പ്രതിപക്ഷ നേതാവിനെ മാറ്റുകയുണ്ടായി. തിരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് ശേഷവും കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടുകളും നേതൃത്വത്തിന്റെ പരിഗണനയിലാണ്. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാകും. ഇതിന് ശേഷം ഡിസിസി തലത്തിലും മറ്റു കമ്മിറ്റികളിലും പൊളിച്ചെഴുത്ത് നടക്കുമെന്നാണ് അറിയുന്നത്.