26 May, 2021 12:10:26 PM
പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധം : വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ
ദില്ലി: പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാൻ നിർബന്ധിപ്പിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും വാട്സാപ്പ് പറയുന്നു. പുതിയ ഐ.ടി ചട്ടങ്ങൾ ഇന്ന് പ്രാബല്യത്തിൽ വരികയാണ്. പുതിയ ചട്ടപ്രകാരം അധികൃതർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളുടെ സ്രോതസ് കണ്ടത്തേണ്ടി വരുമെന്ന് വാട്സ് ആപ്പ് ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ പോസ്റ്റുകൾ സ്വീകരിച്ചവരുടെ സ്വകാര്യതയിലേക്കും കയറേണ്ടി വരുമെന്ന് വാട്സാപ്പ് അറിയിച്ചു.
സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നും, സ്വകാര്യതയെ ബാധിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും വാട്സാപ്പ് ചൂണ്ടിക്കാട്ടി. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്ക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് മാർച്ച് 25ന് അർധരാത്രി അവസാനിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.