25 May, 2021 10:45:32 AM


എം ബി രാജേഷ്‌ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ; ഭൂരിപക്ഷം 56



തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിലെ എം ബി രാജേഷിനെ തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ 23–ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്‌. സിപിഎം സംസഥാനകമ്മിറ്റിയംഗമായ എം ബി രാജേഷ്‌ തൃത്താല മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 
പ്രോടെം സ്പീക്കര്‍ പിടിഎ  റഹീമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ്‌ തെരഞ്ഞെടുപ്പ് നടന്നത്‌. എം ബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ്‌ സ്‌ഥാനാർഥി പി സി വിഷ്‌ണുനാഥിന്‌ 40 വോട്ടും ലഭിച്ചു. നിയമസഭയിൽ ആദ്യമായെത്തുന്ന എം ബി രാജേഷ്‌  2 തവണ പാലക്കാട്‌ നിന്നുള്ള ലോകസഭാംഗമായിരുന്നു.


ഫലപ്രഖ്യാപനത്തിനുശേഷം അംഗങ്ങള്‍ സ്പീക്കറുടെ അടുത്തെത്തി ആശംസ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേര്‍ന്ന്  എം ബി രാജേഷിനെ  സ്പീക്കറുടെ ഡയസിലേക്ക് നയിച്ചു. തുടർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശൻ , വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.


സഭയിൽ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന്‌ 41അംഗങ്ങളുമാണുള്ളത്‌. കീഴ്‌വഴക്കമനുരിച്ച്‌ പ്രോടെം സ്പീക്കര്‍ വോട്ട് ചെയ്തില്ല. ആരോഗ്യകാരണങ്ങളാൽ രണ്ട്‌ എൽഡിഎഫ്‌ അംഗങ്ങൾക്കും ഒരു യുഡിഎഫ്‌ അംഗത്തിനും വോട്ടുചെയ്യാനായില്ല. 


2 നാമനിര്‍ദേശപത്രികകളാണ്  എം ബി രാജേഷിന്‌ വേണ്ടി നല്‍കിയത്. ഒന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പേര് നിർദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പിന്താങ്ങി. മറ്റൊന്നിൽ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ പേര് നിർദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർദേശിച്ചു. മുസ്‌ലീംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി പിന്തുണച്ചു.


രാവിലെ ഒമ്പതിന് സഭ ചേര്‍ന്നയുടന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. സ്‌ഥാനാർഥികളുടെ പേരിനുനേരേ ഗുണനചിഹ്നമിട്ടാണ് വോട്ട് ചെയ്യേണ്ടത്‌.  നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് നിയമസഭാംഗങ്ങളുടെ പേരുവിളിച്ച് വോട്ട് ചെയ്യാനായി ക്ഷണിച്ചു. ആദ്യം മുഖ്യമരന്തി പിണറായി വിജയനാണ്‌ വോട്ട്‌ ചെയ്‌തത്‌. അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ ക്രമമനുസരിച്ചാണ്‌ വോട്ട്‌ചെയ്യാൻ ക്ഷണിച്ചിരുന്നത്‌. സ്പീക്കറുടെ വേദിയില്‍ പിന്‍ഭാഗത്ത് ഇരുവശങ്ങളിലായാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചത്. 9.45 ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. പതിനഞ്ച് മിനിറ്റിനകം വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K