23 May, 2021 04:37:27 PM
കോവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തി ഒരു ഗ്രാമം; ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
ഭുവനേശ്വർ: 2020 മുതൽ രാജ്യം മുഴുവൻ കോവിഡിന് മുമ്പിൽ പകച്ചുനിൽക്കുേമ്പാഴും മാതൃകയാകുകയാണ് ഒഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. മഹാമാരി വ്യാപനം ആരംഭിച്ചതുമുതൽ ഗ്രാമത്തിലെ ഒരാൾക്കുപോലും ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗഞ്ചം ജില്ലയിലെ ധനപുർ പഞ്ചായത്തിൽ കരൻചാര ഗ്രാമമാണ് രാജ്യത്തിന് പുതിയ മാതൃക തീർക്കുന്നത്. 261 വീടുകളാണ് ഗ്രാമത്തിലുള്ളത്. ജനസംഖ്യ 1234ഉം.
ഗ്രാമവാസികൾക്ക് ആർക്കും തന്നെ ഇതുവരെ കോവിഡ് ലക്ഷണങ്ങൾ പോലും സ്ഥിരീകരിച്ചിട്ടില്ല. ജനുവരിയിൽ സംസ്ഥാന ഭരണകൂടം 32 ഗ്രാമങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കരൻചാര ഗ്രാമത്തിൽ ഒരാൾക്കുപോലും ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ആശ പ്രവർത്തകരും അംഗൻവാടി ജീവനക്കാരും വീടുകൾ കയറി ബോധവൽക്കരണം നടത്തുകയും ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തുപോരുന്നുണ്ട്.
ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തി ഇവർ നിർദേശങ്ങൾ നൽകും. ഗഞ്ചം കലക്ടർ അടുത്തിടെ ഗ്രാമം സന്ദർശിക്കുകയും ഗ്രാമവാസികളോട് സംസാരിക്കുകയും ചെയ്തിരുന്നു. 'ഗ്രാമവാസികൾ എല്ലാവരും തന്നെ കോവിഡിനെക്കുറിച്ചും അതിൽ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ചും അറിവുള്ളവരാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിന് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും' - കലക്ടർ പറഞ്ഞു.
ഗ്രാമവാസികൾ മുഴുവൻ സമയവും വീട്ടിനുള്ളിൽ ചെലവഴിക്കാനാണ് ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ പുറത്തിറങ്ങാറില്ലെന്നും കലക്ടർ പറഞ്ഞു. മഹാമാരി ആരംഭിച്ചതുമുതൽ ഗ്രാമത്തിലുള്ളവർക്ക് നിരന്തരം ബോധവൽക്കരണം നൽകിയിരുന്നു. ഗ്രാമത്തിലെ യുവാക്കൾ ജോലി ആവശ്യത്തിനായി മുംബൈയിലേക്കും മറ്റും പോയിരുന്നു. എന്നാൽ അവർ തിരിച്ചുവരുേമ്പാൾ 14 ദിവസം നിർബന്ധിത സർക്കാർ ക്വാറൻറീൻ സൗകര്യം ഒരുക്കും. രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിക്കൂ -കരൻചാര ഗ്രാമ തലവനായ ത്രിനാഥ് ബെഹേര പറഞ്ഞു.