21 May, 2021 04:19:52 PM


'ആടുകൾക്കെവിടെ ലോക്ഡൗൺ?'; ഗവർണറുടെ വസതിക്ക് മുന്നിൽ വേറിട്ട പ്രതിഷേധം



കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വേണ്ടപ്പെട്ടവർ നിസംഗരാണെന്ന് ആരോപിച്ച് അസാധരണമായ ഒരു പ്രതിഷേധത്തിന് കഴിഞ്ഞ ദിവസം രാജ്ഭവൻ സാക്ഷ്യം വഹിച്ചു. ഒരു കൂട്ടം ആടുകളുമായി രാജ്ഭവന്‍റെ മുന്നില്‍ നടത്തിയ വ്യത്യസ്തമായ പ്രതിഷേധമാണ് ശ്രദ്ധയാകർഷിച്ചത്. കൊൽക്കത്ത നാഗരിക് മഞ്ച എന്ന സാമൂഹ്യ സംഘടനയുടെ വക്താവാണ് രാജ് ഭവന്‍റെ നോർത്ത് ഗേറ്റിനടുത്ത് ആടുകളുമായെത്തിയത്.


ഏകദേശം ഏഴ് മിനിറ്റ് വരെയാണ് ആടുകളുമായി ഇവർ രാജ് ഭവന് മുന്നിൽ നിന്നത്. തുടക്കത്തിൽ കാര്യം പിടികിട്ടാഞ്ഞ പോലീസുകാർ പ്രക്ഷോഭകനെയും ആടുകളെയും ഉയർന്ന സുരക്ഷയുള്ള സ്ഥലത്ത് നിന്ന് ഓടിച്ചു. സംഭവം നടന്ന ദിവസം ഗവർണർ ജഗദീപ് ധൻഖറിന്‍റെ ജന്മദിനമായിരുന്നു.


കൊറോണ മഹാമാരിയുടെ ഈ സമയത്ത് ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദനീയമല്ലാത്തതിനാലും പ്രദേശത്ത് നിരോധന ഉത്തരവുകൾ പ്രാബല്യത്തിലുള്ളതിനാലുമാണ് സംഘടന ഇത്തരം പ്രതിഷേധരീതി സ്വീകരിച്ചതെന്ന് മഞ്ചയുടെ വക്താവ് പറഞ്ഞു. കുർത്തയും ജീൻസും ധരിച്ച വ്യക്തി എട്ട് ആടുകളുമായാണ് പ്രതിഷേധത്തിനെത്തിയത്. അതിൽ ആറ് ആടുകൾ വെള്ളയും രണ്ട് കറുപ്പ് നിറത്തിലുള്ളവയുമായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K