20 May, 2021 06:27:37 PM


'ഇനിയാ പന്തൽ പൊളിക്കരുത്'; വാക്സിനേഷൻ സെന്‍ററായി ഉപയോഗിക്കണം - എസ്എസ് ലാൽ



തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. എസ്എസ് ലാൽ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എസ് എസ് ലാൽ.


ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എസ് എസ് ലാൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ പോകുകയാണെന്നും ഇനി പരിഭവിച്ചിട്ട് കാര്യമില്ല, ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടുമെന്നും അദ്ദേഹം പറയുന്നു.


ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും. പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം. എസ് എസ് ലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് പോസ്റ്റിന‍്റെ പൂർണരൂപം


"ഇനിയാ പന്തൽ പൊളിക്കരുത്


മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.
പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.


ഡോ: എസ്. എസ്. ലാൽ"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K