18 May, 2021 01:59:06 PM
ശൈലജ ഔട്ട്; മുഖ്യമന്ത്രി ഒഴികെ സിപിഎം മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. രണ്ടാം പിണറായി സർക്കാരിലും കെ കൈ ശൈലജ മന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ്. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.
സി പി എം പാർലമെന്‍ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.