17 May, 2021 12:18:23 PM


ടീം പിണറായി - 2: സിപിഎം മന്ത്രിമാരില്‍ കെ കെ ശൈലജക്ക് രണ്ടാമൂഴം; 10 പുതുമുഖങ്ങള്‍



തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 പേരുണ്ടാകും. ഘടക കക്ഷികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും സിപിഐയ്ക്ക് 4 മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജെഡിഎസ്- ഓരോ മന്ത്രിമാര്‍. കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം കൂടി ലഭിക്കും. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആദ്യ രണ്ടര വര്‍ഷക്കാലം മന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം


കെ കെ ശൈലജ ഒഴികെ ബാക്കിയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കും. രണ്ടാമൂഴം കെ കെ ശൈലയ്ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ. അന്തിമ തീരുമാനം നാളെയുണ്ടാകും. കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവര്‍ മന്ത്രിമാരാകും. കോഴിക്കോട് നിന്ന് പി എ മുഹമ്മദ് റിയാസ് അല്ലെങ്കില്‍ കാനത്തിൽ ജമീല മന്ത്രിയാകും. കോട്ടയത്ത് നിന്ന് വി എൻ വാസവനും ആലപ്പുഴയിൽ നിന്ന് സജി ചെറിയാനോ പി പി ചിത്തരഞ്ജനോ മന്ത്രിയാകും. മലപ്പുറത്ത് നിന്ന് പി നന്ദകുമാറോ വി അബ്ദുറഹ്മാനോ മന്ത്രിയാകും. 


സിപിഎമ്മിന് 12, സിപിഐക്ക് 4 മന്ത്രിമാര്‍


സിപിഎമ്മിന് 12ഉം സിപിഐക്ക് നാലും മന്ത്രിമാരാണ് ഉണ്ടാവുക. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനാണ്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കാണ്. കേരള കോണ്‍ഗ്രസ് എം, ജെഡിഎസ്, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിമാരുണ്ടാകും. ചില ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രിസ്ഥാനം നല്‍കുക. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ് ബിയിലെ ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.


ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ചോദിച്ചത് രണ്ട് മന്ത്രിസ്ഥാനം, കിട്ടിയത് ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പും. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിമിതികളുണ്ടെന്ന് സിപിഎം അറിയിച്ചെന്ന് ജോസ് കെ മാണി പ്രതികരിച്ചു. റോഷി അഗസ്റ്റിന്‍ മന്ത്രിയാകാനാണ് സാധ്യത. എന്‍ ജയരാജ് ചീഫ് വിപ്പാകും. എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കും. പാർട്ടി കേന്ദ്ര നേതൃത്വമാകും മന്ത്രിയെ തീരുമാനിക്കുക.  ജെഡിഎസിന്റെ മന്ത്രിയെ ദേവെഗൗഡ പ്രഖ്യാപിക്കും. കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. 


മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയതായി മുന്നണി യോഗത്തിനു ശേഷം കൺവീനർ  എ വിജയരാഘവന്‍ വ്യക്തമാക്കി. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിര്‍ദേശങ്ങള്‍ വാങ്ങും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍കൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K