13 May, 2021 03:34:54 PM
കടുവയെ കിടുവ പിടിച്ചു: കൊവാക്സിൻ നിർമിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കൊവിഡ്
ഹൈദരാബാദ്: കൊവിഡ് വാക്സിനായ കൊവാക്സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കൊവിഡ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് എല്ലയുടെ വെളിപ്പെടുത്തൽ.
വിവിധ സംസ്ഥാനങ്ങളിൽ കൊവാക്സിൻ വിതരണം ചെയ്യാൻ താമസം നേരിടുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വാക്സിൻ വിതരണത്തിൽ പലയിടത്തായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. ഈ ആരോപണങ്ങൾ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്. 50 ജീവനക്കാർ കൊവിഡ് ബാധിതരായിട്ടും സദാസമയവും തങ്ങൾ നിങ്ങൾക്കായി ജോലി ചെയ്യുകയാണെന്നും അവർ പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്‌സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. കോൺഗ്രസും സിപിഐഎമ്മും അടക്കം പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയാറാക്കിയ കത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ നിർമാണം നിർത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ആകെ ഒൻപത് നിർദേശങ്ങളാണ് കത്തിലുള്ളത്. പല സന്ദർഭങ്ങളിലാടി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ കേന്ദ്രം തള്ളിയതോടെയാണ് വീണ്ടും കത്തയച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ കൊവിഡ് പ്രതിരോധത്തിനായി നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.