11 May, 2021 03:57:48 PM
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14 ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം 16 ഓടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തിൽ 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും ശക്തമായ കാറ്റും കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നിർദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കടലിൽ മോശമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം 2021 മേയ് 14 മുതൽ ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിലേർപ്പെട്ട് കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മേയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.