08 May, 2021 06:30:34 PM


പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക്: അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി - മുഖ്യമന്ത്രി




തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് തല സമിതി നന്നായി സജീവമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാവണം.


ശവശരീരം മാനദണ്ഡം പാലിച്ച്‌ മറവ് ചെയ്യാനുള്ള സഹായം വാര്‍ഡ് തല സമിതി നല്‍കണം. പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച്‌ അതിന്റെ ഒരു പൂളുണ്ടാക്കാനും വാര്‍ഡ് തല സമിതി നേതൃത്വം നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡിലും സമിതികള്‍ രൂപീകരിക്കണം. ഈ സമിതി അംഗങ്ങള്‍ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച്‌ വിലയിരുത്തല്‍ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.


ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കില്‍ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുന്‍കരുതലിനെ കുറിച്ച്‌ ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാര്‍ഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവും.


അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാന്‍ പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണം. വാര്‍ഡ് തല സമിതി അംഗങ്ങള്‍ കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരാണ്. 18 മുതല്‍ 45 വയസു വരെയുള്ളവരുടെ വാക്‌സിനേഷനില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കല്‍, പാരാമെഡിക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.


പ്രാദേശിക തലത്തില്‍ കണ്‍ട്രോള്‍ റൂമും മെഡിക്കല്‍ ടീമും രൂപീകരിക്കണം. സ്വകാര്യ-സര്‍ക്കാര്‍ ഡോക്ടര്‍മാരെ അതത് തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്താം. എല്ലാം വേഗത്തിലാക്കാനായാല്‍ ഒരുപാടുപേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാവും. ആര്‍ക്കും സംസ്ഥാനത്ത് ഭക്ഷണവും ചികിത്സയും കിട്ടാതാവരുത്. മരുന്നും അവശ്യ വസ്തുക്കളും വേണ്ടവര്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് അത് എത്തിച്ച്‌ കൊടുക്കണം. പട്ടിണി കിടക്കാന്‍ വരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K