07 May, 2021 08:13:35 PM
ലോക്ഡൗണ്‍ നാളെ രാവിലെ മുതല്‍: നിയന്ത്രണങ്ങള്‍ പുതുക്കി; ബാങ്കുകള്‍ മൂന്നു ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. റസ്റ്റോറന്‍റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സേവനസ്ഥാപനങ്ങള്‍, ക്യാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍, കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന രേഖകള്‍ കാണിച്ചാല്‍ യാത്ര ചെയ്യാം. അഭിഭാഷകര്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കല്‍ വസ്തുക്കള്‍ പാക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ക്കും വിദേശത്തേക്ക് സാധനങ്ങള്‍ അയയ്ക്കുന്ന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്‍റ് വകുപ്പ്, നോര്‍ക്ക എന്നീ വകുപ്പുകളെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എല്‍എന്‍ജി സപ്ലൈ, വിസ കോണ്‍സുലര്‍ സര്‍വീസ്- ഏജന്‍സികള്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ്, കസ്റ്റംസ് സര്‍വീസ്, ഇഎസ്‌ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി.
സംസ്ഥാനത്ത് കോവഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ രാവില ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് ലോക്ക്ഡൗണ്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകര്‍ച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും. നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ചുവടെ.
> റോഡ്, ജലഗതാഗത സര്‍വീസുകള്‍ ,മെട്രോ സര്‍വീസ് ഉണ്ടാകില്ല.
> ചരക്കുനീക്കത്തിന് തടസമില്ല.
> എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.
> വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം.
> ആരാധനാലയങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കില്ല.
> കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം.
> റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്‌സ്യം, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം.
> എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം.
> നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
> മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
> വാക്സിന്‍ എടുക്കാന്‍പോകുന്നവര്‍ ഇതുസംബന്ധിച്ച റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാണിക്കണം.
> ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
> പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡി.ടി.എച്ച് എന്നിവ പ്രവര്‍ത്തിക്കും.
> അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
> സായുധസേനാ വിഭാഗം, ട്രഷറി, സി.എന്‍.ജി, എല്‍.പി,ജി, പി.എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവര്‍ത്തിക്കും.
> തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍ എന്‍.ഐ സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എം. പി. സി. എസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.
> ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐ ടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കളക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കും.