07 May, 2021 02:36:20 PM
എയർ ആംബുലൻസ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ചു
ഗ്വാളിയോര്‍: വൈറല്‍ മരുന്നായ റെംഡിസിവിറുമായി വന്ന മധ്യപ്രദേശ് സര്‍ക്കാരിന്‍റെ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തെന്നിമാറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. വ്യോമയാന അധികൃതര്‍ അന്വേഷണം നടത്തുമെന്ന് ഗ്വാളിയോര്‍ കലക്ടര്‍ അറിയിച്ചു. ഗ്വാളിയോറിലെ മഹാരാജ്പുര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയിലാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. വ്യാഴാഴ്ച രാത്രി 8.50ഓടെയായിരുന്നു സംഭവം.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ പൈലറ്റിനും സഹപൈലറ്റിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന റെംഡിസിവിര്‍ മരുന്ന് സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിറില്‍ കുറവുണ്ടായതിന് പിന്നാലെയാണ് മരുന്നെത്തിക്കുന്നതിനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്.