04 May, 2021 05:40:16 PM


രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 18ന്; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു



തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. കേരളത്തിലെ പിബി അംഗങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 18ന് വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. അതേസമയം സാങ്കേതികമായ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീട്ടിവെച്ചേക്കും.


2016ല്‍ മെയ് 25നാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 17ന് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം ചേരും. സത്യപ്രതിജ്ഞ ദിവസം സിപിഎം സ്ഥാന സെക്രട്ടറിയേറ്റും സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടാണ് ചടങ്ങ് സംഘടിപ്പിക്കുക. അതേസമയം മന്ത്രിമാരുടെ ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 99 സീറ്റുകള്‍ നേടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. അതേസമയം ബിജെപി വോട്ടുകള്‍ മറിച്ചെന്ന ആരോപണവുമായി ഇരു മുന്നണികളും രംഗത്തെത്തി.


ബി ജെ പി വോട്ടുകള്‍ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ട്വിറ്ററില്‍ ആയിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മിക്ക യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മില്‍ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.


എന്നാല്‍, യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത് മറച്ചു വയ്ക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്താന്‍ സംഭാവന നല്‍കിയെന്നതില്‍ തങ്ങള്‍ അഭിമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു യു ഡി എഫ് - ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.


ബി ജെ പിക്ക് 90 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞെന്നും പാലാ ഉള്‍പ്പെടെ പത്തോളം മണ്ഡലങ്ങളില്‍ ബി ജെ പിയുടെ വോട്ട് കൊണ്ടാണ് യു ഡി എഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയന്‍ ആരോപിച്ചത്. എന്നാല്‍, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പില്‍ ബി ജെ പി - സി പി എം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.


90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു കുറഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് വിജയിക്കാനായത്. ബി ജെ പിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യു ഡി ഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബി ജെ പിയുടെ വോട്ട് 14,160 ആയി കുറഞ്ഞു. യു ഡി എഫിന് 4,454 ഭൂരിപക്ഷം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ യു ഡി എഫ് ഭൂരിപക്ഷം 992, ബിജെപിയുടെ വോട്ടിലെ കുറവ് 6087.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K