02 May, 2021 08:32:47 PM
പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ തീരു - കെ ബാബു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ബാബു. പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ തീരുവെന്നും നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം.
ഇടതു തരംഗത്തിലും തൃപ്പൂണിത്തുറയില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകള്‍ തിരിച്ചുപിടിച്ചെന്നും എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു പറഞ്ഞു. തനിക്ക് ബിജെപി വോട്ട് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന റൗണ്ട് വരെ കടുത്ത പോരാട്ടം അരങ്ങേറിയ തൃപ്പൂണിത്തുറയില്‍ 204 വോട്ടുകള്‍ക്കായിരുന്നു മുന്‍ മന്ത്രി കെ ബാബു സിറ്റിങ് എംഎല്‍എ എം സ്വരാജിനെ തോല്‍പിച്ചത്.
2016-ല്‍ മണ്ഡലത്തില്‍ നിന്ന് അഞ്ചുവട്ടം തുടര്‍ച്ചയായി ജയിച്ച ബാബുവിനെ അട്ടിമറിച്ചായിരുന്നു സ്വരാജ് നിയമസഭയില്‍ എത്തിയത്. എന്‍ഡിഎക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ ത്രികോണ പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍ ആദ്യാവസാനം ബാബു - സ്വരാജ് പോരാട്ടമായിരുന്നു അരങ്ങേറിയത്.