30 April, 2021 04:40:36 PM


റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ



തിരുവനന്തപുരം: ട്രയിനില്‍ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ. യുവതി ട്രയിനില്‍ ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.  കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം,


ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്നും ഇതുവഴി അതിക്രമത്തിന് ഇരയാകുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ആറാഴ്ചയ്ക്കകം മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കണം. സുരക്ഷാ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥനും സംസ്ഥാന പൊലീസ് ഡിജിപിയും കൂടിയാലോചിച്ച് ശുപാർശകൾ തയ്യാറാക്കാനാണ് നിർദ്ദേശിച്ചത്. 


അതേസമയം, യുവതിയെ അക്രമിക്കാൻ ശ്രമിച്ച പ്രതി ബാബുക്കുട്ടനായുള്ള അന്വേഷണം റെയിൽവേ പൊലീസ് ഊർജിതമാക്കി. ഇയാൾക്കായി പൊലീസും റെയിൽവേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. റെയിൽവേ പൊലീസ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.


സിസി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. യുവതിയിൽ നിന്ന് വാങ്ങി പ്രതി വലിച്ചെറിഞ്ഞ മൊബൈൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുളന്തുരുത്തിയിൽ നിന്ന് കണ്ടെത്തിയിരുന്നു. പരുക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K