29 April, 2021 01:15:21 PM
കിറ്റുകളില്ല: കോവിഡ് പരിശോധന മുടങ്ങി; സാഹചര്യം മുതലാക്കി സ്വകാര്യലാബുകള്‍
കോട്ടയം: കോവിഡ് - 19 പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ പലയിടത്തും പരിശോധനകള്‍ ദിവസങ്ങളായി മുടങ്ങി. കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം നെഗറ്റീവ് ആയോ എന്നറിയാന്‍ നടത്തേണ്ട പരിശോധനകള്‍ പോലും സമയബന്ധിതമായി നടക്കുന്നില്ല. പലയിടത്തും പരിശോധനകള്‍ മുടങ്ങിയതോടെ രോഗമുണ്ടെന്നറിയാതെ വൈറസ് വാഹകര്‍ പുറത്തിറങ്ങിനടക്കുന്നത് രോഗവ്യാപനത്തിന് പ്രധാന കാരണവുമാകുന്നു.
കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും പരിശോധന മുടങ്ങിയിട്ട് നാല് ദിവസത്തിന് മേലെയായി. സ്വകാര്യ ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നും ലഭിക്കുന്ന പരിശോധനാറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ദിവസേനയുള്ള സര്‍ക്കാര്‍ കണക്കില്‍ ഏറെയും പ്രതിപാദിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പൂര്‍ണ്ണവുമല്ല. ദിനംപ്രതി പുറത്തുവരുന്ന കോവിഡ് സംബന്ധമായ കണക്കുകള്‍ കൃത്യമല്ലെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പുറത്തുവരുന്ന കണക്കുകളേക്കാള്‍ വളരെ കൂടുതലാണ് രോഗികളുടെ യഥാര്‍ത്ഥ കണക്കെന്ന് ഒരു ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ തുറന്നു സമ്മതിക്കുന്നു.
കിറ്റുകള്‍ ലഭ്യമാക്കാനുള്ള അടിയന്തിര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കിറ്റ് കിട്ടിയാല്‍ പരിശോധിച്ചാല്‍ മതിയെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്നും ആരോപണമുയര്‍ന്നു. സര്‍ക്കാര്‍ മേഖലയില്‍ ആന്‍റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ സൌജന്യമാണെന്നിരിക്കെ സ്വകാര്യമേഖലയില്‍ വന്‍ തുകയാണ് പരിശോധനകള്‍ക്ക് ഈടാക്കിവരുന്നത്. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ കേരള മെഡിക്കൽ സർവീസ് കോർപ്പറഷൻ സ്വകാര്യ മൊബൈൽ ടെസ്റ്റിംഗ് ലാബുകളെ ഏർപ്പെടുത്തി. സാൻഡർ മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ആർടിപിസിആർ ടെസ്റ്റിനു കരാർ നൽകിയത് 448 രൂപയ്ക്ക്. വൈറൽ ആർഎന്‍എ എക്ട്രാക്ഷൻ കിറ്റിന്‍റെ വിലയും ലാഭവിഹിതവും ഉള്‍പ്പെടെ 600 രൂപയിൽ താഴെ നിരക്കിൽ ടെസ്റ്റ് നടത്താൻ കഴിയുമെന്നിരിക്കെയാണ് 1800 രൂപ വരെ സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.
ഇങ്ങനെ പരിശോധന നടത്തേണ്ടിവരുന്ന സാധാരണക്കാരന്‍റെ 'നടുവൊടിക്കുന്ന' പ്രവണതയാണിപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ക്വാറന്‍റയിന്‍ കാലാവധി കഴിഞ്ഞ ഏഴംഗകുടുംബം സ്വകാര്യലാബില്‍ നടത്തിയ പരിശോധനയ്ക്ക് നല്‍കേണ്ടിവന്നത് 12600 രൂപ. കിറ്റിന്‍റെ ലഭ്യത കുറഞ്ഞതിനു പിന്നാലെ പരിശോധനാഫലം അനന്തമായി നീളുന്നതും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ 21ന് നടത്തിയ പരിശോധനയുടെ ഫലം എത്തിയത് ആറ് ദിവസത്തിനുശേഷം. പരിശോധന നടത്തുന്ന ദിവസമോ പിറ്റേന്നോ ലഭിച്ചിരുന്ന റിസള്‍ട്ട് ആണ് ഇപ്പോള്‍ അനന്തമായി നീളുന്നത്. കോവിഡ് പോസിറ്റീവ് ആയവരെ മാത്രം ഫോണില്‍ അറിയിക്കുന്ന രീതിയാണ് തുടക്കം മുതല്‍. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും റിസള്‍ട്ട് ലഭിക്കാതെ വരുന്നതോടെ പുറത്തിറങ്ങി നടക്കുന്നവര്‍ തങ്ങള്‍ക്ക് പോസിറ്റീവ് എന്നറിയുമ്പോഴേക്കും ഒട്ടനവധി ആളുകളിലേക്ക് രോഗം പകര്‍ന്നു നല്‍കിയിട്ടുണ്ടാവും.
രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന പുതിയ പ്രോട്ടോക്കോള്‍ പരിശോധനാകിറ്റുകള്‍ ലഭ്യമല്ലാത്തതിന്‍റെ ഭാഗമാണെന്നും പറയപ്പെടുന്നു. ഇത് ശരിക്കും മുതലാക്കുന്നത് സ്വകാര്യ ആശുപത്രികളാണ്. പലയിടത്തും അസുഖം പൂര്‍ണ്ണമായി കുറയും മുമ്പ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അടുത്തയാളെ അഡ്മിറ്റ് ചെയ്യുന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇപ്രകാരം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട രോഗിക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് തന്നെയായിരുന്നു. ഇനി വീട്ടില്‍ പോയി വിശ്രമിച്ചാല്‍ മതിയെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇപ്രകാരം രോഗം പൂര്‍ണ്ണമായി കുറയാതെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ രോഗവ്യാപനത്തിന് കാരണമായി മാറുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.