28 April, 2021 01:30:34 PM
പുറംകടലിൽ തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി; തൊഴിലാളികൾ സുരക്ഷിതർ
കൊച്ചി: പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പപെട്ട മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്ച തേങ്ങാപട്ടണത്ത് എത്തും. കപ്പലിടിച്ച് ബോട്ട് ഭാഗികമായി തകർന്നെന്ന് തൊഴിലാളികൾ ബന്ധുക്കളെ അറിയിച്ചു. ബോട്ടിന്റെ ഉടമയും തൊഴിലാളിയുമായിരുന്ന ഫ്രാങ്ക്‌ലിൻ ജോസഫ് ഇന്ന് രാവിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്.
കപ്പലിടിച്ച് ബോട്ടിന്റെ ക്യാബിൻ അടക്കമുള്ളവ തകർന്നുപോയെന്ന് തൊഴിലാളികൾ പറഞ്ഞു. ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചിലിൽ പങ്കാളികളായിരുന്നു. യുദ്ധകപ്പലും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. തിരച്ചിലിനായി ഒമാൻ തീരസംരക്ഷണ സേനയുടെ സഹായവും തേടിയിരുന്നു. ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും ബോട്ടുകളുമായി തിരച്ചിലിനിറങ്ങി. ബോട്ടിന് ഒപ്പമുണ്ടായിരുന്നു ചെറുവള്ളങ്ങളിൽ ഒന്ന് കപ്പലിടിച്ച് പൂർണമായും തകർന്നു പോയിരുന്നു. ഈ വള്ളത്തിലെ മൂന്നു ജീവനക്കാരും ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ടിൽ ഇപ്പോഴുണ്ട്. അപകടത്തിന് കാരണമായ കപ്പൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.