26 April, 2021 04:39:18 PM
പരിശോധനാഫലം വൈകുന്നു: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; കിറ്റുകൾക്കും ദൗർലഭ്യം
ലതികാ സുഭാഷിന് കോവിഡ്: പരിശോധനാഫലം ലഭിച്ചത് നാല് ദിവസത്തിനുശേഷം
കോട്ടയം: കോവിഡ് പരിശോധനാഫലം വൈകുന്നത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണമാകുന്നു. പലയിടത്തും പരിശോധന നടത്തി ഒരാഴ്ചയാകാറായിട്ടും ഫലം പുറത്തുവിട്ടിട്ടില്ല. നേരത്തെ പരിശോധനാഫലം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചിരുന്നിടത്താണ് ഇപ്പോള്‍ ദിവസങ്ങളോളം വൈകുന്നത്. റിസള്‍ട്ട് സമയത്ത് ലഭിക്കാതെ വരുന്നതോടെ തങ്ങള്‍ക്ക് അസുഖമില്ലെന്ന ധാരണയോടെ ജനങ്ങള്‍ പുറത്തിറങ്ങിനടക്കുന്നത് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നു എന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
കഴിഞ്ഞ 22ന് കോട്ടയം കളക്ടറേറ്റിനു സമീപത്തെ ക്യാമ്പില്‍ എത്തി പരിശോധന നടത്തിയവരുടെ ഫലം ഇനിയും ലഭിച്ചിട്ടില്ല. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവിടെയെത്തി പരിശോധന നടത്തിയവരില്‍ ഏറ്റുമാനൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥിയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയുമായ ലതികാ സുഭാഷും കുടുംബവുമുണ്ടായിരുന്നു. പരിശോധനയുടെ പിറ്റേന്ന് മുതല്‍ ദിവസവും വിളിച്ചുചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും റിസള്‍ട്ട് ആയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. നാല് ദിവസത്തിനുശേഷം തിങ്കളാഴ്ച ഫലം ലഭിച്ചപ്പോള്‍ ലതികയ്ക്കും ഭര്‍ത്താവ് സുഭാഷിനും ഡ്രൈവര്‍ക്കും കോവിഡ് പോസിറ്റീവ്. ഈ വിവരം ലതിക തന്‍റെ ഫേസ് ബുക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്.
ഇതുപോലെ ഒട്ടനവധി ആളുകളാണ് കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി റിസള്‍ട്ടിനായി കാത്തിരിക്കുന്നത്. നെഗറ്റീവ് ആണെങ്കില്‍ അറിയിക്കില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനാവേളയില്‍ പറയുന്നത്. പരിശോധന കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ഫലം ലഭിക്കുന്നില്ല എങ്കില്‍ തങ്ങള്‍ക്ക് നെഗറ്റീവ് ആയിരിക്കും എന്ന ഉത്തമവിശ്വാസത്തില്‍ പുറത്തിറങ്ങുന്ന പലരും യഥാര്‍ത്ഥത്തില്‍ രോഗികളായിരിക്കും. ഇവര്‍ രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നു.
അതേസമയം പരിശോധനാഫലം വൈകുന്നതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് അധികൃതര്‍ക്ക്. കോട്ടയത്ത് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മൂന്ന് ലാബുകളിലാണ് സാമ്പിളുകള്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത്. രോഗികള്‍ വര്‍ദ്ധിച്ചതോടെ, ഇവിടെയുണ്ടാകുന്ന കാലതാമസമാണ് റിസള്‍ട്ട് വൈകാനെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് അധികൃതരിപ്പോള്‍.
ഇതിനിടെ പരിശോധനാകിറ്റുകള്‍ കോട്ടയം ജില്ലയില്‍ തീര്‍ന്നുതുടങ്ങി. ആന്‍റിജന്‍ പരിശോധനയ്ക്കുള്ള കിറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു. ആര്‍ടിപിസിആര്‍ കിറ്റുകള്‍ മാത്രമാണ് ചുരുക്കം ചിലയിടങ്ങളില്‍ മാത്രം ഉണ്ടായിരുന്നത്. ഇന്നത്തോടെ അതും തീര്‍ന്നു. കിറ്റുകള്‍ കിട്ടുന്നില്ലെങ്കില്‍ പരിശോധന നടത്തേണ്ട എന്ന നിലപാടാണ് ജില്ലാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും കിറ്റുകള്‍ ലഭ്യമാക്കുന്നതില്‍ അലംഭാവം തുടരുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു.