23 April, 2021 07:27:00 PM
യാത്രകൾക്ക് സത്യവാങ്മൂലം; ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണം - മുഖ്യമന്ത്രി
തിരുവനന്തപുരം: ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ട്. ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേർക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു