23 April, 2021 03:51:10 PM


കൊവിഡ് പ്രതിസന്ധി കേസ്; അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറി ഹരീഷ് സാല്‍വെ



ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസുമായി ബാല്യകാലം മുതലേ ബന്ധമുണ്ട് എന്നതിന്റെ പേരില്‍ ആരോപണമുയരുന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. കേസ് മാറ്റിവയ്ക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി അംഗീകരിച്ചു. പുതിയ ചീഫ് ജസ്റ്റിസ് ആയി നാളെ ചുമതലയേല്‍ക്കുന്ന എന്‍ വി രമണ ചൊവാഴ്ച കേസ് വീണ്ടും പരിഗണിക്കും.


കേസില്‍ ഒരു വിഭാഗം മുതിര്‍ന്ന അഭിഭാഷകരെ സുപ്രിംകോടതി കണക്കറ്റ് ശാസിച്ചു. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചത്. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.


സുപ്രിംകോടതി ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങളിലാണ് വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നത്. ഒരു ഹൈക്കോടതിയെയും ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് പറഞ്ഞു. ഹൈക്കോടതികള്‍ ഇന്നലെ വാദം കേള്‍ക്കുകയും ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയെ സംരക്ഷിക്കേണ്ടതിന് പകരം നശിപ്പിക്കാനാണ് ഒരു വിഭാഗം മുതിര്‍ന്ന അഭിഭാഷകരുടെ ശ്രമം. ഇങ്ങനെയാണോ മുതിര്‍ന്ന അഭിഭാഷകര്‍ പെരുമാറേണ്ടതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ചോദിച്ചു.


ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ പോകുന്നുവെന്നാണ് രാജ്യം ചിന്തിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മറുപടി നല്‍കി. മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണെന്നും കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K