23 April, 2021 02:59:06 PM
ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാന്‍ പറ്റില്ല; നാളെയും മറ്റന്നാളും അവശ്യസർവീസുകൾ മാത്രം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അവശ്യസർവീസുകൾക്ക് മാത്രം അനുമതി. റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കരുതണമെന്നും നിർദേശമുണ്ട്.
പൊതു ഇടങ്ങളിലെ സമ്പർക്കം പരമാവധി കുറയ്ക്കാനാണ് രണ്ടുദിവസങ്ങളിൽ കർശനനിയന്ത്രണത്തിനുള്ള സർക്കാർ നടപടി. ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. രാത്രി ഒൻപത് വരെ പാഴ്സലും ഹോം ഡെലിവറിയും ആകാം. ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെടില്ല. പൊതുഗതാഗതവും ചരക്കുഗതാഗതവും ഉണ്ടാകും.
ബസ്, ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയില്ല. ഇവർ യാത്രാ രേഖകൾ കാണിക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. എന്നാൽ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവശ്യ സർവീസ് ഓഫിസുകൾ പ്രവർത്തിക്കും. ജീവനക്കാർക്ക് തിരിച്ചറിയൽ രേഖയുമായി യാത്ര ചെയ്യാം. 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾ, കമ്പനികൾ അവശ്യ സർവീസുകൾ എന്നിവക്ക് തടസമില്ല.
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും വാഹനങ്ങൾ ഉപയോഗിക്കാം. ഐടി കമ്പനികളിലെ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിൽ എത്താൻ അനുവദിക്കൂ. അത്യാവശ്യ യാത്രക്കാർ, രോഗികൾ, അവരുടെ സഹായികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് ജോലികളുള്ളവർക്കും യാത്രാവിലക്കുണ്ടാവില്ല.