23 April, 2021 09:46:07 AM
രാജ്യസഭാ തെരഞ്ഞെടുപ്പ്; സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളില്‍ നടത്തണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഇടപെടുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തതെന്നും പുതിയ നിയമസഭാംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും നല്‍കിയ ഹര്‍ജികളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. നിയമസഭാ സെക്രട്ടറിക്ക് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നാണ് അപ്പീലിലെ വാദം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ നിലവിലെ ജനഹിതം കൂടി പരിഗണിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നേരത്തെ മാറ്റി വച്ചത്.
അതേസമയം രാജ്യസഭയിലേക്ക് എല്‍ഡിഎഫിലെ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസ്, യുഡിഎഫിലെ പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും. ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് ഇടത് മുന്നണിയുടെ രണ്ടും യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയുമാണ് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുള്ളത്. വേറെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ മൂന്നുപേരേയും വിജയികളായി പ്രഖ്യാപിക്കും. 30ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഉണ്ടാകില്ല.