22 April, 2021 12:02:35 PM
കൊവിഡ് കൂട്ട പരിശോധനകള്‍ അശാസ്ത്രീയം: 9 നിർദേശങ്ങളുമായി കെജിഎംഒഎ
തിരുവനന്തപുരം: കൂട്ടപരിശോധന അശാസ്ത്രീയമെന്ന് കെജിഎംഒഎ. സംഘടന മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി. രോഗലക്ഷണങ്ങളുള്ളവരെയും സമ്പര്‍ക്കത്തില്‍പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണം. ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും സംഘടന. ഒന്‍പത് നിര്‍ദേശങ്ങള്‍ സംഘടന മുന്നോട്ട് വച്ചു.
# ഹോം ട്രീറ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ പോലെ ഡോമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങുകയും വേണം. ഇതിലൂടെ എച്ച് ആര്‍ ഉപയോഗം കുറക്കാന്‍ സാധിക്കും. ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശവകുപ്പിന് കൂടി വിഭജിച്ച് നല്‍കണം.
# പുതിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി എച്ച് ആര്‍ ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എല്‍ടിസികള്‍ ആവശ്യാനുസരണം തുടങ്ങുകയും ഓരോ സിഎഫ്എല്‍ടിസിയും കപ്പാസിറ്റി ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.
# എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് കെഎസ്എപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.
# ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.
# കൊവിഡ് വാക്‌സിനേഷന്‍ വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്- വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്‌സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം, കൂടുതല്‍ മെഗാ ക്യാമ്പുകളും സംഘടിപ്പിക്കുക, താലൂക്ക്് തലത്തില്‍ വിസ്തീര്‍ണമനുസരിച്ച് ഡെഡിക്കേറ്റഡ് വാക്‌സിനേഷന്‍ സെന്റേഴ്‌സ് രൂപീകരിക്കുക, മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുക, വാക്‌സിനേഷന്‍ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം, സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വീസ് ചാര്‍ജ് മാത്രം ഈടാക്കി വാക്‌സിന്‍ സൗജന്യമാക്കുക, വാക്‌സിന്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക, വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ കൊവിഡ് ബ്രിഗേഡിന്റെ കീഴില്‍ നിയമിക്കണം. ഫീല്‍ഡ് തല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണ്.
# എല്ലാ തരം ആള്‍ക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.
# ആരോഗ്യ ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും, ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുകയും അതു എല്ലാജില്ലകളിലും ഒരുപോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചര്‍ച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം. കടുത്ത മാനസിക സമ്മര്‍ദത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെട്ടു.
# വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുകയും വേണം.
ഇത്രയും ആണ് നിര്‍ദേശങ്ങള്‍. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ഉന്നത തല യോഗം പരിഗണിക്കും