21 April, 2021 08:43:10 PM
വാക്‌സിന്‍ സൗജന്യമാക്കണം; കുത്തക ബിസിനസുകാരോട് മത്സരിക്കാന്‍ ഇടയാക്കരുത് - മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയം സംസ്ഥാന താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്കാന്‍ കേന്ദ്രം തയ്യാറാകണം. കുത്തക ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുത്. അര്‍ഹമായ വാക്സിന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിനായി ക്വാട്ട നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അരക്കോടി ഡോസ് വാക്സിന് ആവശ്യപ്പെട്ടിട്ട് അഞ്ചരലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. കേന്ദ്രത്തിന്റെ വാക്സിന്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പൊതുവിപണിയില്‍ നിന്ന് വാക്സിന് വാങ്ങാവുന്ന സ്ഥിതിയല്ല സംസ്ഥാനത്തിനുള്ളത്. കോവിഷീല്‍ഡ് കേന്ദ്രത്തിന് ലഭിക്കുന്നത് 150 രൂപയ്ക്കാണ്. എന്നാല് അത് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് കിട്ടുക. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വാണിജ്യസ്ഥാപനങ്ങളോട് മത്സരിക്കാന് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന് കാര്യക്ഷമമായി നിര്‍വഹിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രതിദിനം മൂന്നുലക്ഷം ഡോസ് വാക്സിന് നല്കാനുള്ള സംവിധാനമുണ്ട്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ സാഹചര്യമൊരുക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം എല്ലായിടത്തും ഒരുക്കും. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിക്കുന്നവര്‍ മാത്രം വിതരണ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.