19 April, 2021 05:02:49 PM
എസ്.എസ്.എൽ.സി പരീക്ഷ തീരും മുമ്പ് ചോദ്യപേപ്പർ പുറത്ത്; ഹെഡ്മാസ്റ്റര്‍ കുരുക്കില്‍
പത്തനംതിട്ട: ഇന്ന് നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. പത്തനംതിട്ട മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെഡ് മാസ്റ്ററാണ് പരീക്ഷ തീരും മുമ്പ് ചോദ്യ പേപ്പർ വാട്‌സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്. വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ് ഇറങ്ങും വരെ ചോദ്യ പേപ്പർ പുറത്തു വിടരുതെന്നാണ് ചട്ടം.
സ്വന്തം സ്‌കൂളിലെ വിദ്യാർഥികളെ സഹായിക്കാനായി മറ്റു അധ്യാപകർക്ക് അയച്ച കുട്ടികളുടെ അടുത്ത് നിന്നെടുത്ത ചോദ്യ പേപ്പറിന്‍റെ ചിത്രം അബദ്ധത്തിൽ ഗ്രൂപ്പ് മാറി ഡി.ഇ.ഒ അടക്കമുള്ളവരുള്ള ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണ് പരീക്ഷ പേപ്പർ ചോർന്നതായി പരാതി ഉയർന്നത്.
പത്തുമണിക്ക് ആരംഭിച്ച പരീക്ഷയുടെ ചോദ്യപേപ്പർ അരമണിക്കൂറിനുള്ളിൽ വാട്‌സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഗ്രൂപ്പിലുള്ള മറ്റു ഹെഡ് മാസ്റ്റർമാർ സംഭവം ഡി.ഇ.ഒയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അപ്പോള്‍ നടപടിയെടുത്തുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.