17 April, 2021 05:50:50 PM
'ഏത് വിശുദ്ധ ജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെ പാപക്കറ അങ്ങയുടെ കൈകളില്‍ തെളിഞ്ഞ് കൊണ്ടിരിക്കും' - കര്‍ദിനാളിന് തുറന്ന കത്തുമായി സി. ലൂസി കളപ്പുര
കോഴിക്കോട്: കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്വെന്റിലെ സി. മേബിള്‍ ജോസഫ് എന്ന കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപുര. കന്യാസ്ത്രീ സമൂഹം നേരിടുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ചുണ്ടിക്കാട്ടി കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തുറന്ന കത്തുമായാണ് സിസ്റ്റര്‍ ലൂസി രംഗത്തെത്തിയത്.
ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളെയെല്ലാം മനസികരോഗികളാക്കുന്ന പതിവ് തെറ്റിച്ച് മേബിള്‍ ജോസഫിന്‍റെ കാര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങളാക്കാന്‍ സന്മനസ് കാണിച്ചതിന് നന്ദിയുണ്ടെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീ മഠങ്ങളില്‍ വെച്ച് മരണപ്പെട്ട ശേഷം വീണ്ടും വീണ്ടും കൊന്നുകൊണ്ട് ആ മരണങ്ങളെയൊക്കെ ആത്മഹത്യകളായി എഴുതിത്തള്ളാനും അവരെ മനോരോഗികളായി ചിത്രീകരിക്കാനുമല്ലാതെ അവര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ കര്‍ദിനാളോ അഭിവന്ദ്യ മെത്രാന്‍മാരോ ഇന്നുവരെ മിനക്കെട്ടിട്ടുണ്ടോ എന്ന് സിസ്റ്റര്‍ ചോദിച്ചു.
ജീവിതത്തിന്‍റെ നല്ലകാലമെല്ലാം സഭാസ്ഥാപനങ്ങളില്‍ അടിമകളെപ്പോലെ പണിയെടുത്തിട്ട് ഒടുവില്‍ രോഗപീഡകളാല്‍ ബുദ്ധിമുട്ടുന്ന കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ കര്‍ദിനാളിനോട് ചോദിക്കുന്നു.
'പതിവുപോലെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തിയും വിശ്വാസികളില്‍ വര്‍ഗ്ഗീയവിഷം കുത്തിവച്ച് ജനശ്രദ്ധ തിരിച്ചുവിട്ടും രക്ഷപെടാന്‍ അങ്ങ് ശ്രമിക്കുമെന്നെനിക്കറിയാം. പക്ഷേ ഓമനിച്ച് വളര്‍ത്തി വലുതാക്കിയ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ കന്യാസ്ത്രീയാകാന്‍ പറഞ്ഞയക്കുന്ന ഓരോ അപ്പനുമമ്മയും ഈ ചോദ്യങ്ങള്‍ അങ്ങയോടാവര്‍ത്തിക്കും. അവര്‍ക്ക് മുന്നില്‍ അങ്ങയെപ്പോലുള്ളവരുടെ മൂടുപടം അഴിഞ്ഞു വീഴും. ഏത് വിശുദ്ധ ജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറ അങ്ങയുടെ കൈകളില്‍ തെളിഞ്ഞ് തെളിഞ്ഞ് വന്നുകൊണ്ടേയിരിക്കും' -ലൂസി കുറിപ്പ് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.
സിസ്റ്റര്‍ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
"KCBC അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവേ,
അങ്ങയെപ്പോലുള്ളവരെ 'പിതാവേ' എന്ന് അഭിസംബോധന ചെയ്യുന്നത്, ഞാനുള്‍പ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ഒരു കുടുംബനാഥനെപ്പോലെ നിലകൊണ്ടുകൊണ്ട് കനിവും കരുതലും സംരക്ഷണവും നല്‍കാന്‍ ചുമതലപ്പെട്ട ആ പദവിക്ക് നല്‍കി വരുന്ന ബഹുമാനം കൊണ്ട് മാത്രമാണ്. എന്നാല്‍ ഇത്രയും ഉന്നതമായ ആ സ്ഥാനത്തിരുന്നുകൊണ്ട് അങ്ങുള്‍പ്പെടുന്ന ക്രൈസ്തവ നേതൃത്വം ഇന്ന് ചെയ്തുവരുന്നതെന്താണ്? ക്രൈസ്തവ ധര്‍മ്മവും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളൂം മറന്നുകൊണ്ട് ആത്മീയതയെ കച്ചവടച്ചരക്കാക്കി ഈ നാട്ടിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ പാവപ്പെട്ട അല്‍മായരെ പിഴിഞ്ഞെടുത്തുണ്ടാക്കിയ പണം കൊണ്ട് തിന്നു ചീര്‍ത്തപ്പോള്‍, നിരാലംബരായ മനുഷ്യ ജന്മങ്ങള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും തിരിഞ്ഞു നോക്കാന്‍ പോലും തോന്നാത്ത അവസ്ഥയിലെത്തിയിരിക്കുകയല്ലേ അങ്ങുള്‍പ്പെടുന്ന പുരോഹിത നേതൃത്വം.
അങ്ങയുടെ കണ്‍മുന്നിലല്ലേ ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാക്കപ്പെട്ട് കന്യാമഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുന്നത്? അങ്ങയുടെ കണ്‍മുന്നിലല്ലേ ലൈംഗിക ചൂഷണമുള്‍പ്പെടെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട് ഒടുവില്‍ കന്യാമഠങ്ങളുടെ പിന്നാമ്ബുറത്തെ കിണറുകളില്‍ കന്യാസ്ത്രീകളുടെ വിറങ്ങലിച്ച മൃതശരീരങ്ങള്‍ നിരന്തരം പൊന്തിവരുന്നത്? ഓരോ തവണയും കൊല്ലപ്പെട്ട ആ സഹോദരിമാരുടെ ജീവനറ്റ ശരീരങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ കാണുമ്ബോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവര്‍ അനുഭവിച്ച നരകയാതനകള്‍ എന്റെ കണ്‍മുന്നില്‍ത്തെളിയാറുണ്ട്. പക്ഷേ അവരെ മരണശേഷം വീണ്ടും വീണ്ടും കൊന്നുകൊണ്ട് ആ മരണങ്ങളെയൊക്കെ ആത്മഹത്യകളായി എഴുതിത്തള്ളാനും അവരെ മനോരോഗികളായി ചിത്രീകരിക്കാനുമല്ലാതെ അവര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ അങ്ങയോ, അങ്ങ് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ മെത്രാന്‍മാരോ ഇന്നുവരെ മിനക്കെട്ടിട്ടുണ്ടോ?
അങ്ങയുടെ എല്ലാ ഒത്താശയോടും കൂടിയല്ലേ സിസ്റ്റര്‍ അഭയ എന്ന നിരാലംബയായ കന്യാസ്ത്രീയെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളികളെ ന്യായീകരിച്ച് വിശുദ്ധരാക്കാന്‍ കോടിക്കണക്കിന് രൂപ ചിലവിട്ട് സംഘടിതപ്രചാരണങ്ങള്‍ നടത്തിയത്? നിങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളും സഭാ വക്താക്കളും വിലക്കെടുത്ത വിദഗ്‌ധരുമെല്ലാം ചേര്‍ന്ന് കുറ്റവാളികളെ ന്യായീകരിച്ച് വെളുപ്പിക്കാന്‍ മത്സരിക്കുമ്ബോള്‍ കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടി ഒരു വാക്ക് പറയാന്‍ പോലും കഴിയാത്ത കുടിലതയുടെ പര്യായമായി മാറാന്‍ അങ്ങുള്‍പ്പെടുന്ന പുരോഹിത മേലാളന്മാര്‍ക്ക് കഴിഞ്ഞത് എങ്ങനെയാണ്?
ഇപ്പോഴിതാ ഒരു കന്യാസ്ത്രീയുടെ ജീവനറ്റ ശരീരം കൂടി കന്യാമഠത്തിലെ കിണറ്റില്‍ പൊങ്ങിയിരിക്കുന്നു. കരുനാഗപ്പള്ളി പാവുമ്ബയിലെ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്വെന്റിലെ സി. മേബിള്‍ ജോസഫ് എന്ന കന്യാസ്ത്രീയാണ് ഇത്തവണ കിണറിന്റെ ആഴങ്ങളില്‍ പിടഞ്ഞു മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടത്രെ. അതെന്തായാലും നന്നായി. ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളെയെല്ലാം മനസികരോഗികളാക്കാറാണല്ലോ പതിവ്. ഇത്തവണ ആരോഗ്യ പ്രശ്നങ്ങളാക്കാന്‍ സന്മനസ് കാണിച്ചതിന് വളരെ നന്ദിയുണ്ട്.
ദിവ്യ പി ജോണ്‍ എന്ന സന്ന്യാസ അര്‍ത്ഥിനി സമാനമായ നിലയില്‍ അവളുടെ കോണ്‍വെന്റിലെ കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്നലെക്കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. എന്താണ് ആ കേസിന്റെ ഇന്നത്തെ അവസ്ഥ എന്നൊന്ന് ആലോചിച്ചാല്‍ മാത്രം മതി നിരാലംബരായ കന്യാസ്ത്രീകളുടെ ജീവന് ഇവരൊക്കെ എത്ര വിലകൊടുക്കുന്നുണ്ടെന്ന് മനസിലാക്കാന്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജെസ്സിനാ തോമസിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം വഴിമുട്ടുമ്ബോഴും ഒരു ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പോലും ഒരു പുരോഹിത പ്രമാണിക്കും ഇതുവരെ തോന്നിയിട്ടില്ല. കഴിഞ്ഞ പത്തുവര്ഷങ്ങള്ക്കിടയില്‍ത്തന്നെ എത്രയധികം കന്യാസ്ത്രീകളാണ് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്? ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കള്‍ക്ക് പോലും ചോദിക്കാനാളുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കായി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് ആ തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല എന്നിപ്പോള്‍ ബോധ്യമായിരിക്കുന്നു.
ജീവിതത്തിന്റെ നല്ലകാലമെല്ലാം സഭാസ്ഥാപനങ്ങളില്‍ അടിമകളെപ്പോലെ പണിയെടുത്തിട്ട് ഒടുവില്‍ രോഗപീഡകളാല്‍ ബുദ്ധിമുട്ടുന്ന കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ബൈബിള്‍ വചനങ്ങളും പ്രാര്‍ത്ഥനകളും മാത്രമുയരുന്ന സന്ന്യാസ ഭവനങ്ങളില്‍ 'സന്തുഷ്ട ജീവിതം' ജീവിക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന കന്യാസ്ത്രീകള്‍ മനോരോഗികളാകുന്ന വാര്‍ത്ത നിരന്തരം കേള്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ക്രൈസ്തവ യുവതികള്‍ അന്യമതസ്ഥരെ പ്രണയിച്ചുപോകുമോ എന്ന ഭയത്താല്‍ 'പഠനശിബിരം' സംഘടിപ്പി ക്കാന്‍ വെമ്ബല്‍ കൊള്ളുന്ന ബിഷപ്പുമാര്‍ക്ക് കന്യാമഠങ്ങള്‍ക്കുള്ളില്‍ കൊലചെയ്യപ്പെടുന്ന കന്യാസ്ത്രീകളുടെ കാര്യം വരുമ്ബോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതെന്തുകൊണ്ടാണ്? നിങ്ങളെപ്പോലുള്ളവരെയാണോ ഈ നാട്ടിലെ വിശ്വാസിസമൂഹം ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണേണ്ടത്? ഈ നാട്ടിലെ ഒരു സാധാരണ ക്രൈസ്തവ വിശ്വാസി കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും അങ്ങ് നേതൃത്വം നല്‍കുന്ന മെത്രാന്‍ സമിതിയില്‍ നിന്നും പഠിക്കേണ്ടതെന്താണ്?
കഴിഞ്ഞ ഏതാനം വര്ഷങ്ങള്ക്കുള്ളില്‍ ഒന്നും രണ്ടുമല്ല, മുപ്പതിലധികം കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. കെസിബിസി എന്ന പരമോന്നത മെത്രാന്‍ സമിതിയുടെ തലവനായ അങ്ങ് ഈ വിഷയത്തില്‍ ഇന്നുവരെ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്? ഓരോ മരണവും നടക്കുമ്ബോള്‍ അതിനു കാരണക്കാരായവര്‍ക്കെതിരെയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നവര്‍ക്കെതിരെയും എന്ത് നടപടികളാണ് അങ്ങ് കൈക്കൊണ്ടിട്ടുള്ളത്? കന്യാസ്ത്രീ മരണങ്ങള്‍ തുടര്‍ക്കഥയാകുമ്ബോഴും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് അങ്ങ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്?
പതിവുപോലെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തിയും വിശ്വാസികളില്‍ വര്‍ഗ്ഗീയവിഷം കുത്തിവച്ച് ജനശ്രദ്ധ തിരിച്ചുവിട്ടും രക്ഷപെടാന്‍ അങ്ങ് ശ്രമിക്കുമെന്നെനിക്കറിയാം. പക്ഷേ ഓമനിച്ച് വളര്‍ത്തി വലുതാക്കിയ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ കന്യാസ്ത്രീയാകാന്‍ പറഞ്ഞയക്കുന്ന ഓരോ അപ്പനുമമ്മയും ഈ ചോദ്യങ്ങള്‍ അങ്ങയോടാവര്‍ത്തിക്കും. അവര്‍ക്ക് മുന്നില്‍ അങ്ങയെപ്പോലുള്ളവരുടെ മൂടുപടം അഴിഞ്ഞു വീഴും. ഏത് വിശുദ്ധ ജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറ അങ്ങയുടെ കൈകളില്‍ തെളിഞ്ഞ് തെളിഞ്ഞ് വന്നുകൊണ്ടേയിരിക്കും!"