01 April, 2021 01:32:24 PM
1240 ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനം വിലക്കി ദേവസ്വം ബോര്‍ഡ് ഉത്തരവ്
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനം വിലക്കി ഉത്തരവ്. ക്ഷേത്രത്തിന്റെ അങ്കണങ്ങളില്‍ ആര്‍ എസ് എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താന്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികള്‍ സ്വീകരിക്കും.
മുന്‍പും ക്ഷേത്രങ്ങളില്‍ ആയുധ അഭ്യാസമടക്കം നിരോധിച്ചു കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ചില ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി കടുപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അതേസമയം ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവ് തങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ആര്‍ എസ് എസ് കേരള ഘടകം പ്രതികരിച്ചു.
കാലാകാലങ്ങളില്‍ ഇത്തരം ഉത്തരവുകള്‍ ദേവസ്വം ബോര്‍ഡ് ഇറക്കാറുണ്ട്, ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ആര്‍ എസ് എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്, ഇത് ഒഴിവാക്കാനാവില്ല. ശാഖാ പ്രവര്‍ത്തകര്‍ ആണ് ആ ക്ഷേത്രങ്ങളുടെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേഷന്‍മാര്‍ക്ക് ശാഖാ പ്രവര്‍ത്തകരെ ഒഴിവാക്കാനുമാവില്ലെന്ന് ആര്‍ എസ് എസ് ഘടകം വ്യക്തമാക്കുന്നു.