27 March, 2021 11:03:23 AM
കഴക്കൂട്ടത്തെ അവഗണിച്ച് രാജ്നാഥ് സിംഗും നദ്ദയും; ശോഭാ സുരേന്ദ്രനെതിരേ പുതിയ നീക്കം
- സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വന്നാലും ശോഭ സുരേന്ദ്രൻ മൽസരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലേക്കു തിരിഞ്ഞു നോക്കാതെ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും. തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥികൾ മൽസരിക്കുന്ന വർക്കലയിലും നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും ഇരുവരും പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കും. എന്നാൽ കഴക്കൂട്ടത്തു മാത്രം പരിപാടികളില്ല.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തുന്ന രാജ്‌നാഥ് സിംഗ് ഞായർ രാവിലെ 9 ന് വര്‍ക്കല ഹെലിപ്പാഡിലാണ് എത്തുക. തുടര്‍ന്ന് വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിന് വേണ്ടി റോഡ് ഷോ നടത്തും. രാവിലെ 9.10 ന് വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ സമാപിക്കും. റോഡ് ഷോയ്ക്ക് ശേഷം വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് 12. 25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 3.20 ന് തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്‍റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് സ്ഥാനാര്‍ത്ഥി പത്മജ എസ്. മേനോന്‍റെ പ്രചാരണാര്‍ത്ഥം റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രിയോടെ ദില്ലിക്ക് മടങ്ങും.
ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ശനിയാഴ്ച രാവിലെ ധര്‍മ്മടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പദ്മനാഭനു വേണ്ടി നാലാംപീടികയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. 12.35 ന് തൃശൂര്‍ നാട്ടികയില്‍ സ്ഥാനാര്‍ത്ഥി എ.കെ. ലോചനനുവേണ്ടി റോഡ്‌ഷോയില്‍ പങ്കെടുക്കും. വൈകിട്ട് 3 ന് തൊടുപുഴയിലെ സ്ഥാനാര്‍ത്ഥി ശ്യാംരാജിന്‍റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം തൊടുപുഴ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരത്തെത്തും. വൈകിട്ട് 5 ന് നേമത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനു വേണ്ടി കൈമനത്തു നടക്കുന്ന റോഡ് ഷോയിലും 6.20 ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ അമ്പലമുക്കിലെ റോഡ് ഷോയിലും പങ്കെടുത്ത ശേഷം മടങ്ങും.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭയ്ക്ക് സീറ്റു കൊടുക്കാൻ മടിച്ചെങ്കിലും പ്രധാനമന്ത്രി മോദിയുടെ ഓഫീസ് ഇടപെട്ടാണ് കഴക്കൂട്ടത്തു സ്ഥാനാർത്ഥിയാക്കിയത്. വി മുരളീധരൻ കഴിഞ്ഞതവണ രണ്ടാം സ്ഥാനം നേടിയ കഴക്കൂട്ടത്ത് ശോഭ ജയിച്ചേക്കും എന്ന പ്രതീതി നിലനിൽക്കെയാണ് കേന്ദ്ര നേതാക്കളെ തൊട്ടടുത്ത മണ്ഡലങ്ങളിൽ എത്തിച്ചിട്ടും കഴക്കൂട്ടത്ത് നിന്ന് അകറ്റി നിർത്തുന്നത്.