21 March, 2021 05:30:04 PM


തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതിക്ക് ഇടപെടാനാവില്ല - ഇലക്ഷന്‍ കമ്മീഷന്‍



കൊച്ചി: വിജ്ഞാപനം വന്നതിനു ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതിക്ക് ഇടപെടാനാവില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍  ഹൈകോടതിയില്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജിയിലുടെ മാത്രമേ തെരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്നും കമ്മീഷന്‍ ബോധിപ്പിച്ചു.


ഗുരുവായൂര്‍, തലശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാട് അറിയിച്ചത്. ഹര്‍ജികളില്‍ കമ്മീഷന്റെ രേഖാമൂലമുള്ള നിലപാട് തേടിയ കോടതി കേസുകള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. പത്രികകളില്‍ സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്ന് ഹര്‍ജിക്കാര്‍  ചൂണ്ടിക്കാട്ടി. തിരുത്താന്‍ പറ്റുന്ന തെറ്റുകള്‍ മാത്രമാണുള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നതേയുള്ളു. അതിന് പകരം പത്രികകള്‍ തള്ളിയത് നീതികരിക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.


പിഴവുകള്‍ തിരുത്താന്‍ റിട്ടേണിങ് ഓഫീസര്‍ അവസരം നല്‍കിയില്ല. എ, ബി, ഫോമുകള്‍ വേണ്ടത് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനും ചിഹ്നം ലഭിക്കുന്നതിനുമാണ്. അതില്ലങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കാം. ഇതിന്റെ പേരില്‍ പത്രിക തള്ളാന്‍ ആവില്ല. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഫോം ബി യിലെ പിഴവ് തിരുത്താന്‍ സമയം അനുവദിച്ചിട്ടുണ്ട്. പത്രിക സ്വീകരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് രണ്ട് നീതിയാണന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.


കേസില്‍ കക്ഷി ചേരാനുള്ള തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജിയും തിങ്കളാഴ്ചത്തേക്ക് മാറ്റി. പത്രികകള്‍ തള്ളിയതിനെതിരെ തലശേരിയിലെ സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസും ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥി നിവേദിതാ സുബ്രഹ്മണ്യനുമാണ് കോടതിയെ സമീപിച്ചത്. ഒഴിവു ദിവസമായ ഞായറാഴ്ച പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റീസ് എന്‍ നാഗരേഷ് ഹര്‍ജികള്‍ പരിഗണിച്ചത്. അടിയന്തര സാഹചര്യം ചുണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K