16 March, 2021 07:50:41 PM
മോദിക്കൊപ്പം നിന്നാല്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാരിനെ ലഭിക്കും: ത്രിപുര മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേര്‍ന്നാല്‍ വികസനക്കുതിപ്പിന് ഇരട്ട എന്‍ജിനുള്ള എന്‍.ഡി.എ സര്‍ക്കാരിനെ ലഭിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. കേരളത്തില്‍ അധികാരം ലഭിച്ചാല്‍ ബിജെപിക്ക് അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തിയതാണ് ത്രിപുര മുഖ്യമന്ത്രി.
കേരളത്തില്‍ വികസനമുരടിപ്പാണ്. അതിനുകാരണം മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികളാണ്. പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബി.ജെ.പിയുടെ വിജയചരിത്രം കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ത്രിപുരയില്‍ ഒരു രാഷ്ട്രീയക്കൊലപാതകം പോലും നടന്നിട്ടില്ല. കേരളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ മാത്രമല്ല എസ്.ഡി.പി.ഐ പോലുള്ള ഭീകരസംഘടനകളും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ്.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇതിന് അവസാനം കുറിക്കും. ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ബിജെപിയെ ന്യൂനപക്ഷ വിരോധികളായി ചിത്രീകരിക്കുന്നത്. വികസനവും തൊഴിലുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസ്-സിപിഎം ശ്രമം. ഇരുകൂട്ടര്‍ക്കും കേരളത്തിലെ ജിഹാദി ഭീകരസംഘങ്ങളോട് മൃദുസമീപനമാണ്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് ബിജെപി. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അതിനാല്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരും. അത് വിഭാഗീയതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.