15 March, 2021 05:09:26 PM


യുഡിഎഫിന് തിരിച്ചടി: ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും



ഏറ്റുമാനൂര്‍: ലതിക സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏറ്റുമാനൂരില്‍ ഇന്ന് നടന്ന കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അവർ പ്രഖ്യാപിച്ചത്. ഇതോടെ ഏറ്റുമാനൂരില്‍ ചതുഷ്കോണമത്സരത്തിന് ചിത്രം തെളിഞ്ഞു. കോണ്‍ഗ്രസില്‍നിന്നും നീതി ലഭിക്കാതെ 1987ല്‍ ഏറ്റുമാനൂരില്‍ സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുത്തിക്കൊണ്ട് തോല്‍പിച്ച ജോര്‍ജ് ജോസഫ് പൊടിപാറയെ അനുസ്മരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച  ലതിക സുഭാഷ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.


മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരില്‍ പൊതുപ്രവര്‍ത്തനം നടത്തിയ താന്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതെന്ന് ലതിക പ്രസംഗത്തിന്‍റെ തുടക്കത്തില്‍തന്നെ പറഞ്ഞു. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേയ്ക്ക് പോകില്ലെന്നും അവർ പറഞ്ഞു. 


വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് മുതല്‍ ഇന്നുവരെയുള്ള തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞാണ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനുളള തീരുമാനം ലതിക പ്രഖ്യാപിച്ചത്. പാര്‍ട്ടി ഏറ്റുമാനൂരില്‍ തനിക്ക് സീറ്റ് നല്‍കും എന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് ലതിക സുഭാഷ് പറഞ്ഞു. ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് തല മുണ്ഡനം ചെയ്ത് പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. 


ഏറ്റുമാനൂരില ജനങ്ങള്‍ കൈ അടയാളത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി കൊതിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പെടുത്തിയപ്പോഴും കേരള കോണ്‍ഗ്രസ് ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് കടുംപിടിത്തത്തിലാണ് എന്നാണ് നേതൃത്വം പറഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞത് ഞങ്ങള്‍ക്ക് വലിയ നിര്‍ബന്ധമൊന്നും ഇല്ലായിരുന്നുവെന്നും നിര്‍ബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നുമാണ്. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിക്കുന്നതായി എ.കെ.ആന്‍റണി ഉള്‍പ്പടെയുളളവരെ അറിയിച്ചിരുന്നുവെന്നും ഇല്ലങ്കില്‍ തല മുണ്ഡനം ചെയ്യുമെന്ന് വനിതാദിനം വഞ്ചനാദിനമായി ആചരിച്ച മാര്‍ച്ച് എട്ടിനുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ലതിക പറഞ്ഞു.


ലതികയെ വഞ്ചിച്ചത് ഉമ്മന്‍ചാണ്ടി - കോട്ടയം പത്മന്‍


ഏറ്റുമാനൂര്‍: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റുനല്‍കാതെ തഴഞ്ഞതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കറുത്ത കരങ്ങളാണെന്ന് പൊതുപ്രവര്‍ത്തകനും സിപിഐ നേതാവുമായിരുന്ന കോട്ടയം പത്മന്‍. ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന് വേണ്ടി ഏറ്റുമാനൂര്‍ സീറ്റ് വില്‍ക്കുകയായിരുന്നുവെന്ന് ലതികാസുഭാഷിന്‍റെ തിരഞ്ഞെടുപ്പ് പ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ച പത്മന്‍ ചൂണ്ടികാട്ടി. അത് ഒരു ഉപകാരസ്മരണയുടെ ഭാഗമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ലതികാ സുഭാഷിന് കെട്ടിവെക്കാനുള്ള പണവുമായാണ് കോട്ടയം പത്മന്‍ യോഗത്തില്‍ സംബന്ധിച്ചത്. ലതിക തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഒരു ലക്ഷം രൂപാ പ്രാഥമികചെലവുകള്‍ക്കായി നല്‍കാന്‍ തയ്യാറാണെന്ന് പൂഞ്ഞാര്‍ സ്വദേശി ഓ.ഡി.കുര്യാക്കോസ് യോഗത്തില്‍ അറിയിച്ചു. ഇതുപോലെ പിന്തുണയുമായി അനവധി ആളുകളാണ് ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K