14 March, 2021 08:02:03 PM
'സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ?'; - മുല്ലപ്പള്ളി രാമചന്ദ്രന്‍
ദില്ലി: 'സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ? അവര്‍ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകും'. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെന്ന കാരണം പറഞ്ഞു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം ഇതാണ്.
ലതിക സുഭാഷുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയതാണ് ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കേരള കോണ്‍ഗ്രസിന് കൊടുക്കേണ്ടി വന്ന സാഹചര്യം ലതിക സുഭാഷിനറിയാം. ആ സീറ്റ് കിട്ടാതെ വന്നതുകൊണ്ടാണ് അവര്‍ക്ക് ഒരു നിരാശബോധം ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതികയെ അവഗണിച്ചിട്ടില്ലെന്നും അവര്‍ക്ക് ഭാവിയില്‍ സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് പാര്‍ട്ടി പദവികളും രാജി വച്ചിരുന്നു .കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു ലതിക. ഇതാദ്യമായാണ് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരാള്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്. അതും തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിന്. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചു. എല്ലാ ജില്ലകളില്‍ നിന്നും വനിതാ സ്ഥനാര്‍ത്ഥി വേണമെന്നാണ് പറഞ്ഞിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് പ്രാതിനിധ്യമില്ല. കുറച്ച് കൂടി സ്ത്രീ പ്രാതിനിധ്യം വേണമെന്നായിരുന്നുവെന്നും ഷാ മുഹമ്മദ് പറഞ്ഞു. ലതികയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ വളരെ ദുഖമുള്ളയാളാണ് താന്നെന്നായിരുന്നു എം.എം. ഹസന്‍റെ പ്രതികരണം.
ഒമ്പത് സ്ത്രീകളാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചത്. പി.കെ. ജയലക്ഷ്മി-മാനന്തവാടി, കെ.എ. ഷീബ-തരൂര്‍, പത്മജ വേണുഗോപാല്‍-തൃശൂര്‍, പി.ആര്‍. സോന -വൈക്കം, ഷാനിമോള്‍ ഉസ്മാന്‍- അരൂര്‍, അരിത ബാബു- കായംകുളം, രശ്മി ആര്‍- കൊട്ടാരക്കര, ബിന്ദു കൃഷ്ണ- കൊല്ലം, അന്‍സജിത റസല്‍- പാറശാല എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.