14 March, 2021 06:30:27 PM
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക രാജിവെച്ച് തല മൊട്ടയടിച്ചു
തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചു. സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. കെ പി സി സി അങ്കണത്തിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികാ സുഭാഷിന്‍റെ പ്രതിഷേധം.
കോൺഗ്രസ് നന്നാകണമെന്നും പ്രവർത്തകരുടെ വികാരം നേതൃത്വം മാനിക്കണമെന്നും വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു. ഇനി ഒരു അപ്പ ക്ഷണത്തിനു വേണ്ടിയും കാത്തിരിക്കില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ഇല്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടി അലയുന്ന വനിതകളെ സ്ഥാനാർത്ഥിപ്പട്ടികിയിൽ അവഗണിച്ചു എന്ന് ലതികാ സുഭാഷ് പറഞ്ഞു.
ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ജില്ലയിൽ പേരുറപ്പിക്കാൻ കരയേണ്ടി വന്നു. തിരുവനന്തപുരത്ത് രമണി പി നായർ അടക്കമുള്ള നേതാക്കളെ അവഗണിച്ചു. ഏറ്റുമാനൂരിൽ താൻ സീറ്റ് ആഗ്രഹിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ലതികാസുഭാഷ് പറഞ്ഞു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങൾ തന്നെ സ്നേഹിക്കുന്നവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന് ലതിക സുഭാഷ് പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്ബര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളില്‍ 14 സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു. യുഡിഫ് ജില്ല കണ്‍വീനര്‍ പി.ടി മാത്യു ഉള്‍പ്പെടെ 22 ഡി സി സി അംഗങ്ങളും,13 മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു.
ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക ഡൽഹിയിൽ പ്രഖ്യാപിച്ചത്.
അനിശ്ചിതത്വത്തിനൊടുവിൽ നേമത്ത് കെ മുരളീധരനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ ബാബു തൃപ്പുണിത്തുറയിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും എ. പി അനിൽകുമാർ വണ്ടൂരിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വീണ്ടും മത്സരിക്കും.