11 March, 2021 04:16:53 AM
പ്രചാരണത്തിലാണ്, ഹാജരാകാനാകില്ല: കസ്‌റ്റംസിനു സ്‌പീക്കറുടെ കത്ത്
കൊച്ചി : ഡോളര്‍ കടത്തുകേസില്‍ ചോദ്യംചെയ്യലിനു സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ നാളെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ക്കു മുന്നിലെത്തില്ല. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ചോദ്യംചെയ്യല്‍ മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ക്കു കത്ത് നല്‍കി. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതിനാല്‍ സാവകാശം വേണമെന്നാണ് ആവശ്യം.
വിദേശത്തേക്കു കടത്താനുള്ള ഡോളര്‍ സ്‌പീക്കര്‍ തന്നെ ഏല്‍പിച്ചെന്നും ഡോളറടങ്ങിയ ബാഗ് താന്‍ യു.എ.ഇ. മുന്‍ കോണ്‍സല്‍ ജനറലിനു കൈമാറിയെന്നുമുള്ള സ്വപ്‌നയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു സ്‌പീക്കറെ ചോദ്യംചെയ്യലിനു വിളിച്ചത്. ഇതിനായി കസ്‌റ്റംസ് നല്‍കിയ നോട്ടീസിന്റെ നിയമസാധുത സി.പി.എം. പരിശോധിക്കുന്നുണ്ട്. ഭരണഘടനാപദവിയുള്ള സ്‌പീക്കര്‍ക്ക് ഇത്തരമൊരു നോട്ടീസ് നല്‍കാന്‍ കസ്‌റ്റംസിനു കഴിയുമോ എന്നാണ് അന്വേഷിക്കുന്നത്. സര്‍ക്കാരുമായോ പാര്‍ട്ടിയുമായോ ബന്ധമുള്ള ആരും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യംചെയ്യലിനു ഹാജരാകേണ്ടെന്നാണു സി.പി.എം. തീരുമാനം.
സ്വര്‍ണം ഡോളര്‍ കേസുകളില്‍ ജനങ്ങളുടെ പൊതുധാരണ മാറ്റിയെടുക്കാനായി അന്വേഷണ ഏജന്‍സികളെ കടന്നാക്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്ന് സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥകളുടെ മൊഴി പുറത്തുവിട്ടത് ഇതിന്റെ ഭാഗമായാണ്. ഒപ്പം നിയമവഴിയിലൂടെ പ്രതിരോധം ശക്‌തമാക്കും.
ഡോളര്‍ കടത്തു കേസില്‍ കസ്‌റ്റംസിന്റെ തുടരന്വേഷണത്തില്‍ യു.എ.ഇ. മുന്‍ ഉദ്യോഗസ്‌ഥരുടെ നിലപാടും നിര്‍ണായകമാണ്. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, മുന്‍ അഡ്‌മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ ഷമേലി, ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അല്‍ ഷൗക്രി എന്നിവരെ ചോദ്യംചെയ്യുക അനിവാര്യമാണെന്നു കസ്‌റ്റംസ് കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.