11 March, 2021 03:32:49 AM


കുറ്റ്യാടി ഒഴിച്ചിട്ട്‌ 12 സീറ്റില്‍ സ്‌ഥാനാര്‍ഥികളുമായി ജോസ്‌ പക്ഷം; കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്

 

uploads/news/2021/03/469072/k4.jpg


കോട്ടയം: സി.പി.എം. പ്രാദേശികഘടകത്തിന്റെ രൂക്ഷമായ എതിര്‍പ്പുയര്‍ന്ന കുറ്റ്യാടിയിലൊഴികെ ഇടതുമുന്നണി നല്‍കിയ 12 മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു കേരള കോണ്‍ഗ്രസ്‌(എം). പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി പാലായില്‍ മത്സരിക്കും. റോഷി അഗസ്‌റ്റിന്‍ ഇടുക്കിയിലും എന്‍. ജയരാജ്‌ കാഞ്ഞിരപ്പള്ളിയിലും വീണ്ടും മത്സരിക്കും. കുറ്റ്യാടിയിലെ സ്‌ഥാനാര്‍ഥിയെ സി.പി.എം നേതൃത്വവുമായി ആലോചിച്ച്‌ പിന്നീടു പ്രഖ്യാപിക്കുമെന്ന്‌ ജോസ്‌ കെ. മാണി അറിയിച്ചു.


കടുത്തുരുത്തിയില്‍ മുന്‍ എം.എല്‍.എ സ്‌റ്റീഫന്‍ ജോര്‍ജും പിറവത്ത്‌ സി.പി.എം. അനുഭാവിയായ ഡോ. സിന്ധുമോള്‍ ജേക്കബുമാണ്‌ സ്‌ഥാനാര്‍ഥികള്‍. പൂഞ്ഞാറില്‍ ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരിയില്‍ ജോബ്‌ മൈക്കിള്‍, പെരുമ്പാവൂരില്‍ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ബാബു ജോസഫ്‌, ഇരിക്കൂറില്‍ സജി കുറ്റ്യാനിമറ്റം, തൊടുപുഴയില്‍ പ്രഫ. കെ.എ. ആന്റണി, റാന്നിയില്‍ ജനറല്‍ സെക്രട്ടറി പ്രമോദ്‌ നാരായണന്‍, ചാലക്കുടിയില്‍ കോണ്‍ഗ്രസില്‍നിന്നെത്തിയ ഡെന്നിസ്‌ കെ. ആന്റണി എന്നിവരാണ്‌ സ്‌ഥാനാര്‍ഥികള്‍.


കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ പ്രമുഖനായ മോന്‍സ്‌ ജോസഫിനെ നേരിടാന്‍ നിരവധിപേരുകള്‍ പരിഗണിച്ചതിനൊടുവില്‍ സ്‌റ്റീഫന്‍ ജോര്‍ജിലേക്ക്‌ എത്തുകയായിരുന്നു. ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായ ഡോ. സിന്ധു സി.പി.എം. സ്വതന്ത്രയായാണ്‌ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. സിന്ധു സ്‌ഥാനാര്‍ഥിയായതോടെ പിറവത്തേയ്‌ക്കു പരിഗണിച്ചിരുന്ന നഗരസഭാ കൗണ്‍സിലര്‍ ജില്‍സ്‌ പെരിയപുറം പ്രതിഷേധിച്ചു പാര്‍ട്ടി സ്‌ഥാനങ്ങള്‍ രാജിവച്ചു.


കഴിഞ്ഞ തവണ പേരാമ്പ്രയില്‍ മത്സരിച്ച മുഹമദ്‌ ഇക്‌ബാലിനെ കുറ്റ്യാടിയില്‍ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രതിഷേധത്തിന്റെ തീവ്രത കൂടിയതോടെ സ്‌ഥാനാര്‍ഥി പ്രഖ്യാപനം മാറ്റി. ഇന്നു കുറ്റ്യാടിയുടെ കാര്യത്തില്‍ സി.പി.എം-കേരളാ കോണ്‍ഗ്രസ്‌ ചര്‍ച്ച നടക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K