10 March, 2021 04:29:56 PM
'ഗ്രൂപ്പടിസ്ഥാനത്തില്‍ വീതംവെയ്പ്': കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടിവിട്ടു
ദില്ലി: മുതിർന്ന കോണ്‍ഗ്രസ് നേതാവും നാലുതവണ കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവുമായിരുന്ന പി സി ചാക്കോ പാർട്ടിവിട്ടു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൈമാറിയെന്ന് അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തില്‍ അറിയിച്ചു,
ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെയ്പ്പാണ് സ്ഥാനാർഥി നിർണയത്തിൽ നടക്കുന്നതെന്നും കേരളത്തിലെ കോൺഗ്രസിൽ അപചയമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പി സിചാക്കോയുടെ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിർന്ന നേതാക്കളോട് സ്ഥാനാർത്ഥി വിഷയം ചർച്ച ചെയ്യണമെന്നുള്ള ഹൈക്കമാൻഡ് നിർദ്ദേശം സംസ്ഥാന നേതാക്കൾ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയർത്തുന്ന വിഷയം.
ഹൈക്കമാൻഡുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു പി സി ചാക്കോ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യരൂപീകരണം സാധ്യമാകാത്തതിൽ, ചുമതലയുണ്ടായിരുന്ന പി സി ചാക്കോയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഹൈക്കമാൻഡിൽ നിന്നും സംസ്ഥാന നേതാക്കളിൽ നിന്നും അവഗണനയുണ്ടായ സാഹചര്യത്തിലാണ് നിർണായക തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.
കോൺഗ്രസിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പി സി ചാക്കോയുടെ രാഷ്ട്രീയ പ്രവേശനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.യു പ്രവർത്തകനായ ചാക്കോ കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. 1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറായും 1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും 1975 മുതൽ 1979 വരെ കെ പി സി സിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1978ൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ആൻറണി വിഭാഗത്തിനൊപ്പം ചേർന്ന ചാക്കോ 1980 ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ കെ നായനാർ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ആന്റണി വിഭാഗം 1982ൽ കോൺഗ്രസിൽ ലയിച്ചെങ്കിലും ചാക്കോ കോൺഗ്രസ് (എസ്) എന്ന പാർട്ടിയിൽ ചേർന്നു. 1982 മുതൽ 1986 വരെ കോൺഗ്രസ് എസിന്‍റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി.
1991ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ൽ മുകുന്ദപുരത്ത് നിന്നും 1998 ൽ ഇടുക്കിയിൽ നിന്നും 2009 ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി. 1999 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സി പി എമ്മിന്‍റെ കെ. സുരേഷ് കുറുപ്പിനോടും 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമാനടൻ ഇന്നസെന്‍റിനോടും പരാജയപ്പെട്ടു. ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയന്‍റ് പാർലമെന്‍ററി കമ്മിറ്റി (ജെ.പി.സി)യുടെ അധ്യക്ഷനായിരുന്നു.